2026 ടി – 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെ ഇറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണാണ് ശ്രദ്ധാകേന്ദ്രം. ലോകകപ്പില്‍ ഇന്ത്യയുടെ അവസാന രണ്ട് മത്സരങ്ങളിലും നിര്‍ണായക ഇന്നിങ്സ് കളിച്ച് ടീമിന്റെ വിജയശില്പിയായിരുന്നു താരമെന്നത് തന്നെയാണ് ഇതിന് കാരണം.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ടീമില്‍ സ്ഥാനം പോലും ഉറപ്പില്ലാതിരുന്ന സഞ്ജു പ്ലെയിങ് ഇലവനില്‍ എത്തിയതിന് ശേഷം മികച്ച ഫോമിലാണ്. ഇത് ഇന്ത്യയ്ക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. അതിനാല്‍ തന്നെ ഇന്ന് അഹമ്മബാദിലും വിക്കറ്റ് കീപ്പറുടെ ബാറ്ററുടെ വെടിക്കെട്ട് പ്രതീക്ഷിച്ചാണ് ആരാധകര്‍ എത്തുന്നത്.
സഞ്ജു സാംസൺ. Photo: BCCI/x.com
ഫൈനലിന് സഞ്ജുവിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് മാത്രമല്ല, ഇന്ത്യന്‍ ടീമിന് ഒന്നാകെ താരത്തില്‍ തന്നെയാണ് പ്രതീക്ഷകളത്രയും. ലോകകപ്പ് തുടക്കത്തില്‍ ടീം നേരിട്ട ഓപ്പണിങ്ങിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചത് മാത്രമല്ല, വിര്‍ച്വല്‍ നോക്ക്ഔട്ടിലെയും സെമി ഫൈനലിലെയും താരത്തിന്റെ നിര്‍ണായക ഇന്നിങ്സുകള്‍ കൂടിയാണ് ഇതിന് കാരണം.
അതിനുപുറമെ മറ്റൊരു കാരണം കൂടിയുണ്ട്. സഞ്ജു ടി – 20 യില്‍ ഇന്ത്യക്കായി ഇറങ്ങിയ 30+ സ്‌കോര്‍ ചെയ്ത ഒരു മത്സരത്തില്‍ പോലും ഇന്ത്യ പരാജയപ്പെട്ടില്ല. ഈ ഫോര്‍മാറ്റില്‍ താരം 13 തവണയാണ് 30 റണ്‍സില്‍ അധികം ഇന്ത്യന്‍ കുപ്പായത്തില്‍ നേടിയത്. അപ്പോഴെല്ലാം ഇന്ത്യ വിജയം രുചിച്ചു. പ്രധാന ടീമുകളിലെ ഒരു ടി – 20 താരത്തിന്റെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
2026 ടി – 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മത്സരത്തിലെ വിജയത്തിന് ശേഷം സഞ്ജു സാംസൺ. Photo: BCCI/x.com
മറ്റാര്‍ക്കും ഈ നേട്ടത്തില്‍ സഞ്ജുവിനെ മറികടക്കാന്‍ സാധിച്ചിട്ടില്ല. ഈ ലിസ്റ്റില്‍ രണ്ടാമത് വരുന്നത് ഇന്ത്യന്‍ യുവതാരം യശസ്വി ജെയ്സ്വാളാണ്. താരം 30+ റണ്‍സ് സ്‌കോര്‍ ചെയ്ത പത്ത് മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചിട്ടുണ്ട്.
(താരം – ടീം – എണ്ണം എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ – ഇന്ത്യ – 13
യശസ്വി ജെയ്‌സ്വാള്‍ – ഇന്ത്യ – 10
മുഹമ്മദ് ഹാരിസ് – പാകിസ്ഥാന്‍ – 8
സെദിഖുല്ല അടല്‍ – അഫ്ഗാനിസ്ഥാന്‍ – 7
ഹൈദര്‍ അലി – പാകിസ്ഥാന്‍ – 6
ദീപക് ഹൂഡ – ഇന്ത്യ – 5
ഹെര്‍ഷല്‍ ഗിബ്‌സ് – സൗത്ത് ആഫ്രിക്ക – 5
Content Highlight: India have won all T20I matches whenever Sanju Samson scored 30+ runs