| Sunday, 22nd February 2026, 7:17 am

ഏഴില്‍ അഞ്ചിലും വിജയം; പ്രോട്ടിയാസിനെതിരെ ആധിപത്യം തുടരാന്‍ ഇന്ത്യ

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ സൂപ്പര്‍ 8ലെ ഇന്ത്യയുടെ മത്സരത്തിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഇന്ന് (ഫെബ്രുവരി 22) ഗുജറാത്ത് അസോസിയേഷന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഈ മത്സരം അരങ്ങേറും. സൗത്ത് ആഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

ടൂര്‍ണമെന്റില്‍ ഇതുവരെ തുടര്‍ന്ന അപരാജിത കുതിപ്പ് തുടരാന്‍ ലക്ഷ്യമിട്ടാണ് സൂര്യയും സംഘവും ഇറങ്ങുന്നത്. മറുവശത്ത് സൗത്ത് ആഫ്രിക്കയ്ക്ക് കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഏറ്റ തോല്‍വിക്ക് പകരം വീട്ടുക എന്ന ഒറ്റ ലക്ഷ്യവും മാത്രം.

ഇന്ത്യൻ ടീം. Photo: BCCI/x.com

സൂപ്പര്‍ 8ലെ തങ്ങളുടെ ആദ്യ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ മെന്‍ ഇന്‍ ബ്ലൂ മികച്ച ആത്മവിശ്വാസത്തിലാണ്. ഈ എഡിഷനില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല എന്നത് മാത്രമല്ല, ടി – 20 ലോകകപ്പുകളില്‍ പ്രോട്ടിയാസിന് മേലുള്ള ആധിപത്യം കൂടി കൊണ്ടാണിത്.

ഇന്ത്യയും സൗത്ത് ആഫ്രിക്കയും ടി – 20 ലോകകപ്പുകളില്‍ ഇതുവരെ ഏഴ് തവണ ഏറ്റുമുട്ടിയുണ്ട്. അതില്‍ അഞ്ച് തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പ്രോട്ടിയാസകട്ടെ രണ്ട് തവണയാണ് ജയിച്ചത്.

2007 ടി – 20 ലോകകപ്പിലാണ് ഇരു ടീമുകളുടെയും ആദ്യ അങ്കം. മത്സരത്തില്‍ 37 റണ്‍സിന് എം.എസ്. ധോണിക്ക് കീഴില്‍ ഇന്ത്യ ജയിച്ചു. അടുത്ത ലോകകപ്പില്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ വിജയം നേടിയത് പ്രോട്ടിയാസായിരുന്നു. 12 റണ്‍സിനാണ് ഇന്ത്യയെ അന്ന് അവര്‍ അടിയറവ് പറയിപ്പിച്ചത്.

സൗത്ത് ആഫ്രിക്കൻ ടീം. Photo: Proteas Men/x.com

അടുത്ത ലോകകപ്പില്‍ ഇതിന്റെ പ്രതികാരം വീട്ടിയ ഇന്ത്യ 2012, 2014 വര്‍ഷങ്ങളിലും വിജയം ആവര്‍ത്തിച്ചു. 2010ല്‍ 14 റണ്‍സായിരുന്നു വിജയമെങ്കില്‍ 2012 ലെ വിജയം ഒരു റണ്‍സിനായിരുന്നു. 2014ലാകട്ടെ ആറ് വിക്കറ്റിനായിരുന്നു വിജയം.

പിന്നീട് ഒരു ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരം ടി – 20 ലോകകപ്പില്‍ അരങ്ങേറാന്‍ എട്ട് വര്‍ഷങ്ങള്‍ വേണ്ടി വന്നു. ഒരു ഇടവേളക്ക് ശേഷം 2022ല്‍ ലോക വേദിയില്‍ നേരിട്ടപ്പോള്‍ പ്രോട്ടിയാസാണ് വിജയക്കൊടി നാട്ടിയത്. അഞ്ച് വിക്കറ്റിനാണ് ടീം ഇന്ത്യന്‍ സംഘത്തെ കരയിച്ചത്.

ഇന്ത്യയും സൗത്ത് ആഫ്രിക്കയും 2024 ടി – 20 ലോകകപ്പ് ഫൈനലിൽ. Photo: www.espncricinfo.com

അതിന് ശേഷം കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നു. എന്നാലതില്‍ ഇന്ത്യ വിജയിച്ച് ലോകകപ്പ് ജേതാക്കളുമായി. ഏഴ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ഈ വിജയം.

ഈ മികവ് ഇത്തവണത്തെ ലോകകപ്പിലും തുടരാനാണ് ഇന്ത്യ കച്ചമുറുക്കുന്നത്. മറുവശത്ത് പ്രോട്ടിയാസ് ഇറങ്ങുന്നതാകട്ടെ ഈ ആധിപത്യം തകര്‍ക്കാനും ഉറച്ചാണ്.

Content Highlight: India have won 5 times out 7 matches against South Africa in ICC T20 World Cup

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more