| Friday, 29th August 2025, 2:59 pm

പാകിസ്ഥാന് രണ്ട്, ശ്രീലങ്കക്ക് ആറ്; സിംഹാസനത്തില്‍ തുടരാന്‍ ഇന്ത്യയും!

സ്പോര്‍ട്സ് ഡെസ്‌ക്

2025ലെ ഏഷ്യാ കപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്. ഇത്തവണയും ഇന്ത്യ ഏഷ്യാ കപ്പ് സ്വന്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന ടീമുകളായ ശ്രീലങ്കയും പാകിസ്ഥാനുമാണ് മറ്റൊരു വിഷയം.

എന്നാലും ഇതുവരെയുള്ള ഏഷ്യാ കപ്പ് ചരിത്രം എടുത്തുനോക്കിയാല്‍ മുന്‍ തൂക്കം ഇന്ത്യയ്ക്ക് തന്നെയാണെന്ന് നിസംശയം പറയാം. എട്ട് തവണയാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ കിരീടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്ക ആറ് തവണയും ഏഷ്യാ കപ്പ് നേടിയിട്ടുണ്ട്. ഈ കൂട്ടത്തില്‍ പാകിസ്ഥാന് രണ്ട് തവണ മാത്രമാണ് കിരീടമുയര്‍ത്താന്‍ സാധിച്ചത്.

ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ തന്നെയാണെന്നതും ആരാധകര്‍ക്ക് ആവേശം സൃഷ്ടിക്കുന്ന ഒന്നാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്. അതേസമയം ലങ്ക ബി ഗ്രൂപ്പിലാണ്. മറ്റ് ടീമുകള്‍ വെല്ലുവിളി ഉയര്‍ത്തിയാലും ഇന്ത്യ തങ്ങളുടെ ഡൊമിനേഷന്‍ തുടരുമെന്നത് ഉറപ്പാണ്.

ഇത്തവണ പോരാട്ടം കനക്കുമെന്നത് ഉറപ്പാണ്, മാത്രമല്ല സ്‌ക്വാഡിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ കിരീടം നേടുമെന്ന് വിരേന്ദര്‍ സെവാഗ് ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങളും പറയുന്നുണ്ട്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സഞ്ജു സാംസണും ടീം ഇലവനില്‍ ഓപ്പണറായിത്തന്നെ ഇടം നേടിയാല്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം തന്നെയാണ് ആരാധകര്‍ക്ക് കാണാന്‍ സാധിക്കുക. കെ.സി.എല്ലില്‍ വമ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ച് മുന്നേറുന്ന സഞ്ജു ഇലവനില്‍ ഇടം നേടുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്

ഗ്രൂപ്പ് എ

ഇന്ത്യ

ഒമാന്‍

പാകിസ്ഥാന്‍

യു.എ.ഇ

ഗ്രൂപ്പ് ബി

അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശ്

ഹോങ് കോങ്

ശ്രീലങ്ക

Content Highlight: India Have Most Asia Cup Wins

We use cookies to give you the best possible experience. Learn more