ക്രിക്കറ്റ് ലോകത്തിന്റെ എല്ലാ ശ്രദ്ധയും ഇന്ന് ഒരു ദിവസം അഹമ്മദാബാദ് സ്റ്റേഡിയത്തിലേക്കായിരിക്കും. 2026 ടി – 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഇവിടെ ഏറ്റുമുട്ടുമ്പോള്‍ ആരാധകരുടെ നെഞ്ചിടിപ്പ് പതിന്മടങ്ങ് വര്‍ധിക്കുമെന്ന് ഉറപ്പ്.
ടൂര്‍ണമെന്റില്‍ ആദ്യ സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ തകര്‍ത്താണ് കിവീസ് കിരീടപ്പോരിന് ഇറങ്ങുന്നത്. മറുവശത്ത് ഇന്ത്യ ത്രില്ലറിന് ഒടുവില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഫൈനലിന് ടിക്കറ്റുറപ്പിച്ചത്.
ആദ്യ കിരീടം നേടാനുറച്ചാണ് കിവീസ് തങ്ങളുടെ രണ്ടാം ടി – 20 ലോകകപ്പ് ഫൈനലിന് കോപ്പുകൂട്ടുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ കിരീടം നിലനിര്‍ത്തുന്നതിനൊപ്പം മൂന്നാം തവണയും ചാമ്പ്യന്‍ പട്ടം നേടുകയാണ് സൂര്യയുടെയും സംഘത്തിന്റെയും ലക്ഷ്യം.
ഇന്ത്യൻ ടീം. Photo: ICC/x.com
എന്നാല്‍, ഈ ഫൈനലിന് ഇറങ്ങുമ്പോള്‍ ഇന്ത്യ വലിയ ആശങ്കയിലാണ്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ തങ്ങളുടെ ഐ.സി.സി ടൂര്‍ണമെന്റുകളിലെ റെക്കോഡാണ് ഇതിന് കാരണം. ഈ സ്റ്റേഡിയത്തില്‍ നടന്ന ഐ.സി.സി ടൂര്‍ണമെന്റുകളിലെ മത്സരങ്ങളിലെല്ലാം ഇന്ത്യ തോല്‍വി വഴങ്ങിയിട്ടുണ്ട്.
2006 ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഈ ഗ്രൗണ്ടിലെ ഇന്ത്യയുടെ ആദ്യ തോല്‍വി. അന്ന് വെസ്റ്റ് ഇന്‍ഡീസിനോടായിരുന്നു. പിന്നീട് 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ കളിക്കാനെത്തിയപ്പോളും ടീമിന് പരാജയമേറ്റുവാങ്ങേണ്ടി വന്നു.
ടൂര്‍ണമെന്റില്‍ അപരാജിതരായി കുതിച്ച ഇന്ത്യയെ ഓസ്‌ട്രേലിയ തകര്‍ത്തെറിയുകയായിരുന്നു. ആ കിരീട നഷ്ടം എന്നും ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരു കണ്ണീരോര്‍മയാണ്. അതിന് ശേഷം ഈ ലോകകപ്പില്‍ ഒരു മത്സരത്തിന് ഇറങ്ങിയപ്പോള്‍ നീലപ്പടയ്ക്ക് സൗത്ത് ആഫ്രിക്കക്ക് മുന്നിലും കാലിടറി.
2023 ലോകകപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങൾ . Photo: Espncricinfo.com
2026 ടി – 20 ലോകകപ്പില്‍ അപരാജിതരായി കുതിച്ച ഇന്ത്യ പ്രോട്ടിയാസിനെ ആദ്യ സൂപ്പര്‍ 8 മത്സരത്തിലാണ് നേരിട്ടത്. അന്നും പക്ഷേ ടീം തോല്‍വി വഴങ്ങി. ഈ സ്റ്റേഡിയം എന്നും ഇന്ത്യയ്ക്ക് നിര്‍ഭാഗ്യമാണ് സമ്മാനിച്ചതെങ്കിലും സന്തോഷിക്കാനുള്ള വക ഈ ലോകകപ്പില്‍ തന്നെയുണ്ടായിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തില്‍ നെതര്‍ലാന്‍ഡ്‌സിനെ ഇന്ത്യ നേരിട്ടത് ഈ സ്റ്റേഡിയത്തിലായിരുന്നു. ആ മത്സരത്തില്‍ ഇന്ത്യ 17 റണ്‍സിന് വിജയിച്ചു. ഇതിന് പുറമെ ഈ വേദിയില്‍ ഇന്ത്യ പത്ത് ടി – 20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അതില്‍ ഏഴ് തവണ ജയിച്ചപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് പരാജയപ്പെട്ടത്. 2023 ഏകദിന ലോകകപ്പ് എന്നും ഇന്ത്യയ്ക്കൊരു മുറിവാണെങ്കിലും ഇത്തവണ ഇവിടെ ലോകകപ്പുയര്‍ത്തി പുതുചരിത്രം എഴുതുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlight: India have faced major setbacks in Ahmedabad stadium in ICC Tournaments