ന്യൂസിലന്‍ഡിനെതിരെ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ പുറത്തായി. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ ഏറ്റ പരിക്ക് പൂര്‍ണമായി ഭേദമാവാത്തതാണ് താരത്തിന് തിരിച്ചടിയായത്.
നവംബര്‍ നാല് മുതലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് പ്രസിദ്ധിനെ ഏകദിനത്തില്‍ നിന്ന് ഒഴിവാക്കിയതെന്ന് ബി.സി.സി.ഐ അറിയിച്ചു. നവംബര്‍ ഒന്നിനും രണ്ടിനും താരത്തിന് ഫിറ്റ്‌നസ് ടെസ്റ്റ് നിശ്ചയിച്ചിട്ടുണ്ടെന്നും ബി.സി.സി.ഐ അറിയിച്ചു.
‘പ്രസിദ്ധിന്റെ പരിക്ക് ഭേദമായി വരികയാണ്. നവംബര്‍ 1, 2 തീയതികളില്‍ ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എകസലന്‍സില്‍ അദ്ദേഹത്തിന്റെ മാച്ച് സിമുലേഷനും ഫിറ്റ്‌നസ് ടെസ്റ്റും നിശ്ചയിച്ചിട്ടുണ്ട്. ഏകദിനങ്ങളെ അപേക്ഷിച്ച് ടെസ്റ്റ് മത്സരങ്ങളില്‍ പ്രസിദ്ധിന്റെ സേവനം കൂടുതല്‍ ആവശ്യമായി വരുന്നത്. ടെസ്റ്റില്‍ ഫിറ്റ്‌നസ് തെളിയിച്ചാലും താരത്തെ ഉടനടി ഏകദിന പരമ്പരയില്‍ കളിപ്പിക്കില്ല,’ ബി.സി.സി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയില്‍ ഗുവാഹത്തിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ പന്തെറിയുന്നതിനിടെയായിരുന്നു പ്രസിദ്ധിന് പരിക്ക് പറ്റിയത്. മത്സരത്തില്‍ പേസര്‍ക്ക് തന്റെ സ്‌പെല്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.
അതേസമയം ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. കിവീസ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജയലക്ഷ്യം 13.2 ഓവറില്‍ മറികടക്കുകയായിരുന്നു ഇന്ത്യ. ഇതോടെ 3-0ന് പരമ്പര വിജയിക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 30ന് ഈഡന്‍ പാര്‍ക്കിലാണ് ഇരുവരും തമ്മിലുള്ള നാലാം മത്സരം.
Content Highlight: India Have Big Setback: Indian fast bowler Prasidh Krishna has been ruled out of the upcoming ODI series against New Zealand