ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. സൂപ്പര്‍ ബാറ്റര്‍ സായ് സുന്ദര്‍ശന്‍ രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ നിന്ന് പരിക്ക് മൂലം പുറത്തായിരിക്കുകയാണ്. താരം നേരത്തെ സ്‌ക്വാഡില്‍ ഇടം നേടിയിരുന്നെങ്കിലും പൂര്‍ണമായി ഫിറ്റല്ലായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം നമ്പറിലാണ് സായ് കളിച്ചിരുന്നത്. താരത്തിന്റെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നിര്‍ണായക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇത് ആദ്യത്തെ തിരിച്ചടിയല്ല. ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയും പരിക്ക് കാരണം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു.മാത്രമല്ല പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും പരിക്ക് പറ്റിയിരിക്കുകയാണ്. ക്യാച്ച് ചെയ്യുന്നതിനിടയില്‍ താരത്തിന്റെ തള്ളവിരലിന് പന്ത് തട്ടുകയായിരുന്നു. ഇതോടെ ലങ്കയ്ക്കെതിരായ സന്നാഹ ടെസ്റ്റ് മത്സരത്തില്‍ ഗില്‍ കളത്തിലിറങ്ങില്ലെന്ന് ബി.സി.സി.ഐ പറഞ്ഞിരുന്നു.
ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.
2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്. പരമ്പരക്ക് മുന്നോടിയായി നാല് യുവ സ്പിനനര്‍മാരെയും ഇന്ത്യ ടീമില്‍ എത്തിച്ചിട്ടുണ്ട്.
റെഡ് ബോളില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനങ്ങള്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഇപ്പോള്‍ താരങ്ങളുടെ പരിക്കും ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഫോര്‍മാറ്റില്‍ തിരിച്ചുവരാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ലങ്കന്‍ സാഹചര്യങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
Content Highlight: India Have Big Setback Ahead Sri Lankan Test Series