സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ സന്ദര്‍ശകര്‍ക്ക് മുമ്പില്‍ 350 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ആതിഥേയര്‍. റാഞ്ചിയിലെ ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സത്തില്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍, മുന്‍ നായകന്‍ രോഹിത് ശര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
വിരാട് 120 പന്തില്‍ 135 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 56 പന്തില്‍ 50 റണ്‍സും രോഹിത് 51 പന്തില്‍ 57 റണ്‍സും അടിച്ചെടുത്തു.
350 റണ്‍സിന്റെ കൂറ്റന്‍ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്യുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയും ആശങ്കയും ഒരുപോലെയാണ്. പ്രോട്ടിയാസിന്റെ മികച്ച ബാറ്റിങ് യൂണിറ്റും അവരുടെ മിന്നുന്ന ഫോമും ആശങ്കയുണര്‍ത്തുമ്പോള്‍ ഇന്ത്യയുടെ ട്രാക്ക് റെക്കോഡാണ് ആരാധകര്‍ക്ക് ആവേശമുണര്‍ത്തുന്നത്. ഏകദിനത്തില്‍ 350 റണ്‍സ് ഡിഫന്‍ഡ് ചെയ്യാന്‍ ഇന്ത്യ മിടുക്കരാണ് എന്നത് തന്നെ കാരണം.
ഏകദിന ചരിത്രത്തില്‍ 38 തവണയാണ് ഇന്ത്യ 350+ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്തത്. ഇതില്‍ 37 മത്സരത്തിലും ഇന്ത്യ വിജയം സ്വന്തമാക്കി. പരാജയം ഒന്നില്‍ മാത്രം. വിജയശതമാനം 97.37%!
2019ല്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഏക തോല്‍വി. മൊഹാലിയില്‍ ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് 13 പന്ത് ശേഷിക്കെ മറികടന്നു. ശിഖര്‍ ധവാന്റെ സെഞ്ച്വറി കരുത്തില്‍ റണ്ണടിച്ച ഇന്ത്യയ്ക്ക് പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിന്റെ സെഞ്ച്വറിയിലൂടെയാണ് ഓസീസ് മറുപടി നല്‍കിയത്.
വീണ്ടും മറ്റൊരു 350+ ടാര്‍ഗെറ്റ് ഡിഫന്‍ഡ് ചെയ്യുമ്പോള്‍ ഇന്ത്യ ആത്മവിശ്വാസത്തില്‍ തന്നെയായിരിക്കും.
ഇതിന് പുറമെ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഏകദിനത്തില്‍ ടീമിലെ മൂന്ന് താരങ്ങള്‍ 50+ റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് നേടിയപ്പോള്‍ ഒരിക്കല്‍പ്പോലും പരാജയപ്പെട്ടിട്ടില്ല എന്ന ട്രാക്ക് റെക്കോഡും ഇന്ത്യയ്ക്ക് തുണയായുണ്ട്.
2000ല്‍ നയ്‌റോബിയില്‍ നടന്ന മത്സരത്തില്‍ 95 റണ്‍സിന് ഇന്ത്യ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി സെഞ്ച്വറിയുമായി കരുത്ത് കാട്ടിയ മത്സരത്തില്‍, സൗരവ് ഗാംഗുലി-സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി-രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി-യുവരാജ് സിങ് കൂട്ടുകെട്ടുകള്‍ അര്‍ധ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി.
2010ല്‍ ഗ്വാളിയോറില്‍ ആതിഥേയര്‍ 153 റണ്‍സിന് പ്രോട്ടിയാസിനെ പരാജയപ്പെടുത്തിയപ്പോഴും ഇത്തരത്തില്‍ മൂന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുകള്‍ പിറന്നിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-ദിനേഷ് കാര്‍ത്തിക്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-യൂസുഫ് പത്താന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-എം.എസ്. ധോണി എന്നിവരാണ് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.
പുരുഷ ഏകദിനത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിലൂടെ ആദ്യ ഇരട്ട സെഞ്ച്വറി പിറവിയെടുത്ത മത്സരം കൂടിയായിരുന്നു ഇത്.
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് തുടക്കം പാളി. മൂന്ന് ഓവര്‍ പിന്നിടുന്നതിനിടെ ഒമ്പത് റണ്‍സിന് രണ്ട് വിക്കറ്റ് ഇതിനോടകം നഷ്ടപ്പെട്ടു. റിയാന്‍ റിക്കല്‍ടണ്‍, ക്വിന്റണ്‍ ഡി കോക്ക് എന്നിവരുടെ വിക്കറ്റുകളാണ് പ്രോട്ടിയാസിന് നഷ്ടപ്പെട്ടത്. ഇരുവരും പൂജ്യത്തിനാണ് മടങ്ങിയത്.
Content highlight: India has only lost once while defending 350+ runs in ODIs.