ന്യൂദല്ഹി: ഇന്ത്യയിലെ യുവാക്കളുടെ പ്രതിഷേധം ബംഗ്ലാദേശിലെ ജെന് സീ പ്രക്ഷോഭത്തെ മാതൃകയാക്കുന്നതാണെന്ന വാദം തള്ളി അഭിജീത് ദീപ്കെ. ഇന്ത്യക്ക് മഹാത്മാഗാന്ധിയുണ്ടെന്നും രാജ്യത്തെ യുവാക്കളെ അദ്ദേഹത്തെ പിന്തുടരുകയാണെന്നും ദീപ്കെ എക്സ് പോസ്റ്റില് പറഞ്ഞു. ഇന്ത്യയിലെ യുവാക്കള്ക്ക് ബംഗ്ലാദേശിലെ ജെന്സി പ്രക്ഷോഭത്തെ മാതൃകയാക്കേണ്ടതില്ലെന്ന് പറഞ്ഞുകൊണ്ടുള്ള എ.ഐ.എസ്.എഫ് ദേശീയ പ്രസിഡന്റ് വിരാജ് ദേവാംഗിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ദീപ്കെയുടെ പ്രതികരണം.
‘ഇന്ത്യയ്ക്ക് മഹാത്മാഗാന്ധിയുണ്ട്! ഇന്ത്യയിലെ യുവജനങ്ങളായ ഞങ്ങള്, സമാധാനത്തിന്റെയും അഹിംസയുടെയും പാതയായ മഹാത്മാഗാന്ധിയുടെ പാത എപ്പോഴും പിന്തുടരും,’ ദീപ്കെ എക്സ് പോസ്റ്റില് കുറിച്ചു.
‘ഇന്ത്യയിലെ ജെന് സീക്ക് ബംഗ്ലാദേശില് നിന്നുള്ള പ്രചോദനം വേണമെന്ന് ആരാണ് പറഞ്ഞത്,’ എന്ന കാപ്ഷനോട് കൂടിയാണ് വിരാജ് ദേവാംഗ് തന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില് പങ്കുവെച്ചത്.
തങ്ങളുടെ ശബ്ദം ഉയര്ത്താന്, ബംഗ്ലാദേശിലെ ജനകീയ മുന്നേറ്റത്തില് നിന്നുള്ള പ്രചോദനം ഇന്ത്യന് യുവജനങ്ങള്ക്ക് ആവശ്യമില്ലെന്ന് ദേവാംഗം വീഡിയോയില് പറഞ്ഞു. നമുക്ക് നമ്മുടേതായ ഒരു മാതൃകയുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ മാതൃക. അഹിംസയുടെ പാതയിലൂടെയാണ് ഈ രാജ്യം സ്വാതന്ത്ര്യം നേടിയതെന്നും ദേവാംഗ് പറയുന്നു.
ലോകമെമ്പാടുമുള്ള പല കോളനിവല്ക്കരിക്കപ്പെട്ട രാജ്യങ്ങളും തങ്ങളുടെ സ്വാതന്ത്ര്യം നേടിയെടുക്കാന് സ്വീകരിച്ചതും ഇതേ മാതൃകയാണ്. നെല്സണ് മണ്ടേലയും പിന്തുടര്ന്ന അതേ മാതൃകയാണിത്. നമ്മുടെ ഭരണഘടന മറ്റ് കോളനിവല്ക്കരിക്കപ്പെട്ട രാജ്യങ്ങള്ക്ക് പ്രചോദനമായിട്ടുണ്ട്. ലോകത്തെയാകെ സ്വാധീനിച്ച ആ മുന്നേറ്റം നമ്മുടെ സ്വാതന്ത്ര്യസമരം തന്നെയായിരുന്നെന്നും ദേവാംഗ് അഭിപ്രായപ്പെട്ടു.
‘നേപ്പാളിലോ ബംഗ്ലാദേശിലോ നടന്ന സംഭവങ്ങള് നമുക്ക് പ്രചോദനമാകില്ല. ഇന്ത്യന് യുവജനങ്ങള് പ്രചോദനം തേടുന്നുണ്ടെങ്കില്, അവര് നമ്മുടെ സ്വാതന്ത്ര്യസമരത്തിലേക്ക് നോക്കണം. ഈ രാജ്യത്തെ സ്വതന്ത്രമാക്കുകയും, അഹിംസയുടെ പാത ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്ത ആ മഹത്തായ പോരാട്ടത്തിലേക്ക്,’ ദേവാംഗ് കൂട്ടിച്ചേര്ത്തു.
ഇന്ന് (ഒക്ടോബര് 16, വെള്ളി) നടക്കുന്ന തിരംഗ മാര്ച്ചില് പങ്കെടുക്കാന് ദേവാംഗ് യുവാക്കളോട് ആഹ്വാനം ചെയ്തു. ‘നിങ്ങളെല്ലാവരും ഇതില് പങ്കെടുക്കണമെന്ന് ഞാന് അഭ്യര്ത്ഥിക്കുന്നു. നമുക്ക് ന്യൂദല്ഹിയിലെ സെന്ട്രല് പാര്ക്കിലേക്ക് പോകാം! എല്ലാവരും സെന്ട്രല് പാര്ക്കിലേക്ക് വരൂ,’ ദേവാംഗ് പറഞ്ഞു.
Content Highlight: India has Mahatma Gandhi, Youth Will Follow His Path: Abhijeet Dipke Against Connecting with Bangladesh Gen Z Protest