ന്യൂദല്‍ഹി: ഇന്ത്യയ്‌ക്കെതിരെ വിവാദ പ്രസ്ഥാവനയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വര്‍ഷങ്ങളായി ഇന്ത്യ അമേരിക്കയെ ചൂഷണം ചെയ്ത് സാമ്പത്തികമായി നേട്ടം കൊയ്യുകയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര കരാറുകളെയും ഇറക്കുമതി തീരുവയേയും കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകുടെ ചോദ്യത്തിനിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം.
‘ വര്‍ഷങ്ങളായി ഇന്ത്യ അമേരിക്കയെ മുതലെടുത്തു. അവര്‍ ഞങ്ങളില്‍ നിന്ന് വലിയ താരീഫ് ഈടാക്കി. എന്നാല്‍ ഇപ്പോള്‍ നേരെ വിപരീതമാണ്. ഞങ്ങള്‍ ഇന്ത്യയില്‍ നിന്ന് ധാരാളം പണം സമ്പാദിക്കുന്നു,’ ട്രംപ് പറഞ്ഞു.
എങ്കിലും ഇന്ത്യയും യു.എസും തമ്മില്‍ ഉടന്‍ തന്നെ ഒരു വ്യാപാര കരാറില്‍ എത്തുമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി തന്റെ നല്ല സുഹൃത്താണെന്നും ആ ബന്ധം കരാറില്‍ സഹായിക്കുമെന്നും ട്രംപ് പറഞ്ഞു.
‘നിങ്ങളുടെ പ്രധാനമന്ത്രിയെ എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹം എന്റെ നല്ലൊരു സുഹൃത്താണ്,’ മാധ്യമപ്രവര്‍ത്തകരോടായി ട്രംപ് പറഞ്ഞു. ഇരു നേതാക്കളും തമ്മിലുള്ള ബന്ധം വ്യാപാര കരാറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു.
ജൂണ്‍ ഒന്നുമുതല്‍ നാല് വരെ ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ തമ്മില്‍ വ്യാപാര ചര്‍ച്ചകള്‍ നടത്തിയിരുന്നു. പിന്നാലെയാണ് ട്രംപിന്റെ ഇത്തരത്തിലുള്ള പരാമര്‍ശം. അതേസമയം ഇന്ത്യ അടക്കമുള്ള 54 രാജ്യങ്ങള്‍ക്ക് മേല്‍ 12.5 ശതമാനം ഇറക്കുമതി തീരുവ ചുമത്താന്‍ യു.എസ് കാബിനറ്റ് തല ഏജന്‍സിയായ യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്ററ്റീവ് (യു.എസ്.ടി.ആര്‍) കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു.
നിര്‍ബന്ധിത തൊഴിലെടുപ്പിച്ച് ഉത്പാദിപ്പിച്ച ഉല്‍പ്പന്നങ്ങളോ ചരക്കുകളോ ഇറക്കുമതി ചെയ്യുന്നതിനെതിരായ നിയമപരമായ വിലക്ക് ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ഈ രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തുന്നതെന്ന് യു.എസ്.ടി.ആര്‍ പ്രസ്താവനയില്‍ പറഞ്ഞു. അത്തരമൊരു നിരോധനം ഫലപ്രദമായി ഏര്‍പപ്പെടുത്തുന്നതിലും ഈ രാജ്യങ്ങള്‍ പരാജയപ്പെട്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
പാകിസ്ഥാന്‍, ഇന്തോനേഷ്യ, കാനഡ, മെക്സികോ, ഇക്വഡോര്‍ എന്നീ രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനും എതിരെ 10 ശതമാനം ഇറക്കുമതി തീരുവയ്ക്കും യു.എസ്.ടി.ആര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിര്‍ബന്ധിത തൊഴില്‍ വഴിയുള്ള ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വിഷയം അഭിസംബോധന ചെയ്യാന്‍ ഈ രാജ്യങ്ങള്‍ സന്നദ്ധത കാണിച്ചതിനാലാണ് ചുങ്കത്തില്‍ രണ്ടര ശതമാനത്തിന്റെ ഇളവെന്നും യു.എസ്.ടി.ആര്‍ വ്യക്തമാക്കി.
ജൂലൈ ഏഴിന് ശേഷം താരിഫ് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. ഈ നടപടി സംബന്ധിച്ച് നിലവില്‍ യു.എസ്.ടി.ആര്‍ പൊതുജനാഭിപ്രായം തേടുന്നുണ്ട്. ജൂലൈ ആറ് വരെ ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്താം. ജൂലൈ ഏഴിന് ഈ വിഷയത്തില്‍ പരസ്യവാദം കേള്‍ക്കും.
ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ വര്‍ഷം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഈ തീരുവ യു.എസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അധികാരപരിധി ലംഘിച്ചുകൊണ്ടാണ് ട്രംപ് തീരുവ വര്‍ധിപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
Content Highlight: India has been taking advantage of America for years; now it’s the opposite, we’re making money from India: Trump