| Monday, 17th August 2015, 10:26 am

പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കും: പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  അതിര്‍ത്തിയിലെ പാകിസ്ഥാന്റെ വെടി നിര്‍ത്തല്‍ ലംഘനത്തിന് ശക്തമായ മറുപടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. അതിക്രമങ്ങള്‍ക്ക് മൂന്ന് മടങ്ങ് ഇരട്ടിയില്‍ തിരിച്ചടി നല്‍കും. നുഴഞ്ഞ് കയറ്റം തടുക്കുന്നതിനായി തയ്യാറെടുപ്പുകളെല്ലാം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഇവ പുറത്ത് പറയാനാകില്ലെന്നും പരീക്കര്‍ പറഞ്ഞു.

തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാകിസ്ഥാന്‍ വെടിവെയ്പ് നടത്തുന്നത്. അതിര്‍ത്തി പ്രദേശങ്ങളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളില്‍ 6 പേരാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. സ്വാതന്ത്ര്യദിനത്തില്‍ മാത്രം വെടിവെയ്പില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.

അതേ സമയം പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലേക്കാണ് ബാസിതിനെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് വരുത്തിയത്. അതേ സമയം ഇന്ത്യയാണ് വെടി നിര്‍ത്തല്‍ ലംഘിച്ചതെന്ന് അബ്ദുല്‍ ബാസിത് മറുപടി പറഞ്ഞു. കഴിഞ്ഞ ജൂലൈയിലും ഓഗസ്റ്റിലുമായി ഇന്ത്യ എഴുപതോളം തവണ വെടി നിര്‍ത്തല്‍ ലംഘിച്ചതായും അബ്ദുല്‍ ബാസിത് മറുപടി പറഞ്ഞു.

ഇതിനിടെ ഞായറാഴ്ച രാത്രി തുടങ്ങിയ വെടി വെയ്പ് അതിര്‍ത്തിയില്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് സൈന്യം ്അറിയിച്ചു.

We use cookies to give you the best possible experience. Learn more