| Sunday, 15th November 2026, 9:40 am

പത്ത് ഓവറിന് മുമ്പ് മൂന്ന് വിക്കറ്റ് വീണു: അവസാന ഏകദിനത്തില്‍ തകര്‍ന്ന് തുടങ്ങി ഇന്ത്യ

ദേവിക ജയചന്ദ്രന്‍

ഇന്ത്യ- ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരം മൗണ്ട് മൗംഗനൂയിയിലെ ബേ ഓവലില്‍ പുരോഗമിക്കുകയാണ്. രണ്ടാം ഏകദിനത്തില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ ന്യൂസിലാന്‍ഡിനോട് പകരം വീട്ടി പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുന്നത്.

എന്നാല്‍ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെഇന്ത്യയ്ക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. രോഹിത് ശര്‍മയ്‌ക്കൊപ്പം ഋതുരാജ് ഗെയ്ക്വാദ് ആണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയത്.

പതിയെ ആയിരുന്നു ഇന്ത്യ തുടങ്ങിയത്. സ്‌കോര്‍ 23ല്‍ നില്‍ക്കുമ്പോള്‍ അഞ്ചാം ഓവറിന്റെ മൂന്നാം പന്തില്‍ രോഹിത് ശര്‍മയെ മാത്യു ഫിഷര്‍ മടക്കി. മൂന്നാമനായിറങ്ങിയ വിരാട് കോഹ്‌ലി ഏഴ് പന്തില്‍ അഞ്ച് റണ്‍സെടുത്ത് ഫിഷറിന് തന്നെ വിക്കറ്റ് നല്‍കി. തൊട്ടടുത്ത ഓവറില്‍ ഋതുരാജ് ഗെയ്ക്വാദിനെയും ഇന്ത്യയ്ക്ക് നഷ്ടമായി.

8.1 ഓവറില്‍ 34ന് മൂന്ന് എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ അക്‌സര്‍ പട്ടേലും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ചേര്‍ന്ന് പതിയെ മുന്നോട്ട് കൊണ്ടുപോയി.എന്നാല്‍ 22 റണ്‍സെടുത്ത് നിന്ന അയ്യരെ പതിനെട്ടാം ഓവറില്‍ ബ്ലെയര്‍ ടിക്‌നര്‍ പുറത്താക്കി.

അഞ്ചാം വിക്കറ്റില്‍ അക്‌സര്‍ പട്ടേലും ഇഷാന്‍ കിഷനും സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 50 പന്തില്‍ 43 റണ്‍സ് എടുത്ത് അക്‌സര്‍ പട്ടേലിനെ 25ാം ഓവറിലെ അവസാന പന്തില്‍ മൈക്കല്‍ ബ്രേസ്‌വെല്‍ പുറത്താക്കി.

നിലവില്‍ 28 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

നാലാം ഏകദിനത്തില്‍ ഇന്ത്യ കിവീസിനോട് 244 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. വില്‍ യങ്ങിന്റെ സെഞ്ച്വറിയും മാറ്റ് ഹെന്റിയുടെ ആറ് വിക്കറ്റ് നേട്ടവുമാണ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വി എന്ന നാണക്കേടിന്റെ റെക്കോഡ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്.

രണ്ട് മാറ്റങ്ങളുമായാണ് ഇരുടീമുകളും കളത്തിലിറങ്ങിയിരിക്കുന്നത്. കുല്‍ദീപ് യാദവിന് പകരം മുഹമ്മദ് സിറാജും ഗുര്‍നൂര്‍ ബ്രാറിന് പകരം യശ് ഠാക്കൂറും ടീമിലെത്തി. ഏകദിനത്തില്‍ യശ് ഠാക്കൂറിന്റെ അരങ്ങേറ്റമാണിത്. കഴിഞ്ഞ മത്സരത്തിലെ താരം മാറ്റ് ഹെന്റിക്ക് പകരം ബ്ലെയര്‍ ടിക്‌നറും കൈല്‍ ജാമീസണിന് പകരം ജേക്കബ് ഡഫിയും കിവീസ് നിരയിലെത്തി.

ഇന്ത്യ (പ്ലേയിങ് ഇലവന്‍): രോഹിത് ശര്‍മ, ഋതുരാജ് ഗെയ്ക്‌വാദ്, വിരാട് കോലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, നമന്‍ ധീര്‍, ആഖ്വിബ് നബി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, യശ് ഠാക്കൂര്‍.

ന്യൂസിലന്‍ഡ് (പ്ലേയിങ് ഇലവന്‍): ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), വില്‍ യങ്, നിക്ക് കെല്ലി, ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റ്, ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്‌വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, ബ്ലെയര്‍ ടിക്‌നര്‍, ജേക്കബ് ഡഫി, മാത്യു ഫിഷര്‍.

Content Highlight: India faces a disastrous strart against Newzealand in last ODI as they lost  3 wickets in 10 overs.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more