| Tuesday, 27th January 2026, 4:03 pm

യൂറോപ്യൻ യൂണിയനുമായി വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യ; ചരിത്രപരമായ തീരുമാനമെന്ന് മോദി

മുഹമ്മദ് നബീല്‍

ന്യൂദൽഹി: ഇന്ത്യ യൂറോപ്യൻ യൂണിയനുമായി കരാറിൽ ഒപ്പുവച്ചതായി അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.

യൂറോപിൽ നിന്നും ഇറക്കുമതിചെയ്യുന്ന 97% ചരക്കുകൾക്ക് തീരുവ കുറച്ചതായും ചില സന്ദർഭങ്ങളിൽ തീരുവത്തന്നെ ഇല്ലാതാക്കാൻ തീരുമാനിച്ചതായും യൂറോപ്യൻ യൂണിയൻ ഇന്ന് (ജനുവരി 27) പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ദൽഹിയിൽ നടക്കുന്നുകൊണ്ടിരിക്കുന്ന പതിനാറാമത് ഇന്ത്യ- യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കിടെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുമായി മോദി ചർച്ച നടത്തും.

കരാർ രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഉത്തമ ഉദാഹരണമാണെന്നു പറഞ്ഞ മോദി കരാറിനെ ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്നും വിശേഷിപ്പിച്ചു.

ഇന്ത്യയും യൂറോപ്യൻ യൂണിയനും വിജയകരമായി ചർച്ചകൾ പൂർത്തിയാക്കിയതായും ജനുവരി 27 ചൊവ്വാഴ്ച സ്വതന്ത്ര വ്യാപാര കരാർ (എഫ്‌.ടി‌.എ) പ്രഖ്യാപിക്കുമെന്നും വ്യവസായ സെക്രട്ടറി രാജേഷ് അഗർവാൾ നേരത്തെ പറഞ്ഞിരുന്നു.

ഈ നീക്കം ഉൽപ്പാദന മേഖലയ്ക്കും സേവന മേഖലയ്ക്കും വലിയ ഉത്തേജനമാകുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

ഈ കരാർ ആഗോള ജി.ഡി.പി യുടെ 25% വും, ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും ഉൾകൊള്ളുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കരാർ ഒപ്പുവെച്ചെങ്കിലും നിയമപരമായ പരിശോധനയ്ക്ക് ശേഷം പ്രാബല്യത്തിൽ വരാൻ അഞ്ച് – ആറ് മാസമെടുക്കുമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.

ഇരുരാജ്യങ്ങൾക്കും വലിയ നേട്ടമാണ് കരാറിലൂടെ ഉണ്ടാകുക എന്നാണ് പൊതുവിലുള്ള നിരീക്ഷണങ്ങൾ.

അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിക്കുമ്പോഴാണ് ഈ കരാർ യാഥാർഥ്യമാകുന്നത് എന്നതും വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.

Content Highlight: India-EU-seal-historic-trade-deal

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more