ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യിലും പടുകൂറ്റന്‍ ജയം സ്വന്തമാക്കിയ ആതിഥേയര്‍ പരമ്പരയും സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സിന്റെ വിജയലക്ഷ്യം വെറും പത്ത് ഓവറില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.
ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ, രവി ബിഷ്‌ണോയ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരും ബാറ്റിങ്ങില്‍ അഭിഷേക് ശര്‍മ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ തിളങ്ങിയതോടെയാണ് ഇന്ത്യ സ്വന്തം മണ്ണില്‍ വീണ്ടും മറ്റൊരു പരമ്പര കൂടി സ്വന്തമാക്കിയത്.
ഈ വിജയത്തിന് പിന്നാലെ മറ്റൊരു റെക്കോഡും സൂര്യയും സംഘവും സ്വന്തമാക്കി. തുടര്‍ച്ചയായി ഏറ്റവുമധികം അന്താരാഷ്ട്ര ടി-20 സീരീസുകള്‍ (ടൂര്‍ണമെന്റുകളടക്കം) വിജയിക്കുന്ന ടീം എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.
2024 മുതല്‍ 11 തവണയാണ് ഇന്ത്യ ടി-20 സീരീസ് സ്വന്തമാക്കിയത്. 2016 മുതല്‍ 2018 വരെ 11 തവണ പരമ്പര വിജയം നേടിയ പാകിസ്ഥാനൊപ്പമാണ് ഇന്ത്യ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനം പങ്കിടുന്നത്. ഒരു പരമ്പര കൂടി വിജയിച്ചാല്‍ പാകിസ്ഥാനെ മറികടന്ന് ഒന്നാമതെത്താനും ഇന്ത്യയ്ക്ക് സാധിക്കും.
നേരത്തെ പാകിസ്ഥാന്റെ മറ്റൊരു നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ രണ്ടാം ഏകദിനത്തിലെ വിജയത്തിന് പിന്നാലെയായിരുന്നു ഈ നേട്ടം.
ഏറ്റവുമധികം പന്തുകള്‍ ശേഷിക്കെ അന്താരാഷ്ട്ര ടി-20യില്‍ 200+ റണ്‍സ് ചെയ്സ് ചെയ്ത് വിജയിക്കുന്ന ടീം എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.
(ടീം – എതിരാളികള്‍ – വിജയലക്ഷ്യം – ശേഷിച്ച പന്തുകള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
ഇന്ത്യ – ന്യൂസിലാന്‍ഡ് – 209 – 28 – റായ്പൂര്‍ – 2026*
പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് – 205 – 24 – ഓക്ലാന്‍ഡ് – 2025
ഖത്തര്‍ – കുവൈത്ത് – 204 – 24 – ദോഹ – 2019
ഓസ്ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് – 215 – 23 – വെര്‍ണര്‍ പാര്‍ക്ക് – 2025
ജനുവരി 28നാണ് പരമ്പരയിലെ നാലാം മത്സരം. വിശാഖപട്ടണമാണ് വേദി.
Content Highlight: India equals Pakistan’s record of most consecutive T20I series wins