| Sunday, 30th August 2026, 6:02 pm

ഉക്രെയ്ൻ ഡ്രോൺ ആക്രമണം: റഷ്യയിലേക്കുള്ള പ്രധാന പെട്രോൾ വിതണക്കാരായി ഇന്ത്യ

കെ.എസ് ഷാബിന

മോസ്കോ: ഉക്രെയ്ൻ ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റിഫൈനറികൾ തകർത്തന്നതോടെ, റഷ്യയിലേക്ക് വൻതോതിൽ പെട്രോൾ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നായി മാറി ഇന്ത്യ. ഷിപ്പ് ട്രാക്കിംഗ് ഡാറ്റ അനുസരിച്ച് ഊർജ വിശകലന ഏജൻസിയായ വോർടെക്സയാണ് വിവരം പുറത്തുവിട്ടത്.

ഓഗസ്റ്റ് മാസത്തിൽ കടൽമാർഗ്ഗമുള്ള റഷ്യയുടെ പെട്രോൾ ഇറക്കുമതി പ്രതിദിനം ശരാശരി 1,25,000 ബാരൽ (പ്രതിമാസം ഏകദേശം 4,70,000 ടൺ) എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇന്ത്യൻ റിഫൈനറികൾ മാത്രം 10 ലക്ഷം ബാരൽ പെട്രോളാണ് റഷ്യയിലേക്ക് അയച്ചത്. ഗുജറാത്തിലെ വാഡിനാറിലുള്ള നയാര എനർജിയുടെ റിഫൈനറിയിൽ നിന്നാണ് ഈ വിതരണം പ്രധാനമായും നടന്നത്. റഷ്യൻ പൊതുമേഖലാ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റിന് പകുതി ഓഹരിയുള്ള കമ്പനിയാണ് നയാര എനർജി.

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഉപയോഗിച്ചാണ് ഇന്ത്യ ഈ ഇന്ധനം നിർമിച്ചതെന്നാണ് സൂചനകൾ. റഷ്യൻ എണ്ണ ശുദ്ധീകരിച്ച് നിർമിച്ച പെട്രോൾ തിരിച്ച് റഷ്യയിലേക്ക് തന്നെ കയറ്റുമതി ചെയ്യുന്ന പ്രതിഭാസമാണിത്. ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ കാരണം മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള വിതരണം കുറഞ്ഞതോടെ ഇന്ത്യ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വൻതോതിൽ കൂട്ടിയിരുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ പ്രതിദിനം 26 ലക്ഷത്തിലധികം ബാരൽ റഷ്യൻ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇത് രാജ്യത്തിന്റെ ആകെ ക്രൂഡ് ഇറക്കുമതിയുടെ പകുതിയിലധികമാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതി രാജ്യങ്ങളിലൊന്നായ റഷ്യയ്ക്ക്, ഉക്രെയ്ൻ ആക്രമണം കാരണം പെട്രോൾ ആഭ്യന്തരമായി ഇറക്കുമതി ചെയ്യേണ്ട സാഹചര്യം വന്നിരിക്കുകയാണ്. റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 32 ഡ്രോൺ ആക്രമണങ്ങളാണ് ഉണ്ടായത്. അതായത് ഏകദേശം രണ്ടുദിവസത്തിൽ ഒന്നു വീതം. ഇതോടെ ആഭ്യന്തര പെട്രോൾ ഉൽപ്പാദനത്തിൽ 70 ശതമാനം വരെ ഇടിവുണ്ടാവുകയും രാജ്യത്ത് കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുകയും ചെയ്തു.

ഈ ഇന്ധനക്ഷാമം പരിഹരിക്കാനാണ് റഷ്യ പെട്രോൾ ഇറക്കുമതി ചെയ്യാൻ നിർബന്ധിതരായത്. ഓഗസ്റ്റിൽ ഇന്ത്യയ്ക്ക് പുറമെ തുർക്കി, മൊറോക്കോ എന്നീ രാജ്യങ്ങളും റഷ്യയിലേക്ക് പെട്രോൾ വിതരണം ചെയ്തു. അതേസമയം, ആഭ്യന്തര ക്ഷാമം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റഷ്യ പെട്രോൾ കയറ്റുമതി നിരോധനം 2027 ജനുവരി അവസാനം വരെയും, ഡീസൽ കയറ്റുമതി നിരോധനം 2026 സെപ്റ്റംബർ 1 വരെയും നീട്ടിയിട്ടുണ്ട്.

ഓഗസ്റ്റിൽ റഷ്യ ഇറക്കുമതി ചെയ്ത പെട്രോളിന്റെ 55 ശതമാനവും (ഏകദേശം 2,60,000 ടൺ) അന്താരാഷ്ട്ര ഉപരോധമുള്ള കപ്പലുകളിലാണ് എത്തിച്ചത്. ഇന്ത്യയിൽ നിന്ന് റഷ്യയിലേക്ക് പോയ എല്ലാ പെട്രോൾ ശേഖരങ്ങളും ഉപരോധമുള്ള കപ്പലുകളിലാണ് കടത്തിയതെന്നും, മെഡിറ്ററേനിയൻ കടലിൽ വെച്ച് തിരിച്ചറിയൽ സിഗ്നലുകൾ ഓഫ് ചെയ്ത് രഹസ്യമായി കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്ക് മാറ്റിയാണ് റഷ്യയിൽ എത്തിച്ചതെന്നും വോർടെക്സ വ്യക്തമാക്കി.

മറുവശത്ത്, കയറ്റുമതി നിരോധനവും റിഫൈനറികൾക്കുണ്ടായ കേടുപാടുകളും കാരണം റഷ്യയുടെ ഡീസൽ കയറ്റുമതി വൻതോതിൽ ഇടിഞ്ഞു. ഓഗസ്റ്റ് 25 വരെയുള്ള കണക്കനുസരിച്ച് റഷ്യയുടെ ഡീസൽ കയറ്റുമതി പ്രതിദിനം 1,50,000 ബാരലായി കുറഞ്ഞു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 6,10,000 ബാരൽ കുറവാണ്. പെട്രോൾ ഉൽപ്പാദനക്ഷമത കുറവായതിനാൽ വരും ദിവസങ്ങളിലും റഷ്യ മറ്റ് രാജ്യങ്ങളിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യുന്നത് തുടരാനാണ് സാധ്യത.

Content Highlight: India emerges as key petrol supplier to Russia as refinery attacks disrupt fuel supplies

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more