മോസ്‌കോ: യു.എസ് സമ്മര്‍ദത്തിന് പിന്നാലെ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് പൂര്‍ണമായി ഒഴിവാക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാനുമായി ബന്ധം ദൃഢമാക്കാനൊരുങ്ങി റഷ്യ.
ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി കുറഞ്ഞതോടെ പാകിസ്ഥാനുമായി നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ വ്യാപാരമടക്കമുള്ള കാര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
തീവ്രവാദത്തെ അടിച്ചമര്‍ത്തുന്നതിന് ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റെ് വ്‌ലാദിമിര്‍പുടിനും പാകിസ്ഥാന്‍ പ്രതിനിധികളും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
പാകിസ്ഥാനിലെ റഷ്യന്‍ അംബാസഡര്‍ അല്‍ബര്‍ട്ട് ഖേരേവ് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.
റഷ്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഓരോ വര്‍ഷം കഴിയുന്തോറും കരുത്തേറുകയാണെന്നും ഇസ് ലാമാബാദ് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സെമിനാറില്‍ അദ്ദേഹം പറഞ്ഞു.
കറാച്ചി സ്റ്റീല്‍ മില്ലുകളുടെ പുനരുദ്ധാരണം, പുതിയ റെയില്‍വേ ശൃംഖലകള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
റഷ്യയുടെയും പാകിസ്ഥാന്റെയും നേതാക്കള്‍ തമ്മിലുള്ള ഉന്നതതല കൂടിക്കാഴ്ച്ചകള്‍ നിരന്തരമായി നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ചരിത്രപരം മാത്രമല്ല ഭാവിയിലേക്കുള്ള വഴികാട്ടി കൂടിയാണെന്ന് അംബാസഡര്‍ പറഞ്ഞു.
പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റഷ്യ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഈ വര്‍ഷം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയെ സമ്മര്‍ദത്തിലാക്കാന്‍ റഷ്യയുമായുള്ള എണ്ണ വ്യാപാരം ഇന്ത്യ അവസാനിപ്പിക്കണമെന്ന് യു.എസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ പിന്മാറാത്തതിനെ തുടര്‍ന്ന് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങളുടെ താരിഫ് ഇരട്ടിയായി ഉയര്‍ത്തി 50 ശതമാനമാക്കിയിരുന്നു.
പുതിയ ഇന്ത്യ-യു.എസ് വ്യാപാരകരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നത് കുറച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: India distances itself from Russia due to Trump’s threats; Russia moves closer to Pakistan