| Saturday, 28th March 2026, 7:38 pm

പശ്ചിമേഷ്യന്‍ സംഘര്‍ഷം: മോദിയും ട്രംപും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ മസ്‌കും പങ്കുചേര്‍ന്നെന്ന് റിപ്പോര്‍ട്ട്; തള്ളി ഇന്ത്യ

അനിത സി

ന്യൂദല്‍ഹി: ഇറാനില്‍ യു.എസും ഇസ്രഈലും നടത്തുന്ന ആക്രമണത്തെ സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ശതകോടീശ്വരനായ വ്യവസായി എലോണ്‍ മസ്‌കും പങ്കുചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വിദേശകാര്യ മന്ത്രാലയം.

ട്രംപും മോദിയും നടത്തിയത് ഇരുവരും തമ്മിലുള്ള സംഭാഷണം മാത്രമായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വിശദീകരിച്ചു.

ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ സംഭാഷണത്തില്‍ ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക് പങ്കുചേര്‍ന്നതായി ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. എലോണ്‍ മസ്‌ക് എന്തുകൊണ്ടാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നോ അദ്ദേഹം എത്ര സമയം സംസാരിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ സംബന്ധിച്ച് നടന്ന രണ്ട് രാഷ്ട്രത്തലവന്മാരുടെ സംഭാഷണത്തില്‍ ഒരു സ്വകാര്യ വ്യക്തി പങ്കെടുക്കുന്നത് അസാധാരണമാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

വെള്ളിയാഴ്ച പുറത്തെത്തിയ റിപ്പോര്‍ട്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തള്ളുകയും ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു.

‘ആ വാര്‍ത്താസ്റ്റോറി ഞങ്ങളും കണ്ടു. മാര്‍ച്ച് 24ന് പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം മാത്രമായിരുന്നു നടന്നത്. നേരത്തെ പറഞ്ഞതുപോലെ, പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ സംഭാഷണത്തിനിടെ കൈമാറാന്‍ അവസരമുണ്ടായി’, വക്താവ് അറിയിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഊര്‍ജ ഇടനാഴികള്‍ സുരക്ഷിതമാക്കുന്നതിനുള്ള ആഗോള ശ്രമങ്ങള്‍ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയുമാണ് ട്രംപുമായി നടത്തിയതെന്ന് നേരത്തെ മോദി അറിയിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ചര്‍ച്ച ചെയ്‌തെന്നും മോദി പറഞ്ഞിരുന്നു.

‘പ്രസിഡന്റ് ട്രംപില്‍ നിന്ന് ഒരു കോള്‍ ലഭിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ച് ഫലപ്രദമായ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. എത്രയും വേഗം സംഘര്‍ഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും വേണ്ടി ഇന്ത്യയുടെ പിന്തുണ അറിയിക്കുന്നു.

ഹോര്‍മുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവും എത്തിപ്പെടാനാകുന്നതുമായി തുടരുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ലോകത്തിന്റെ തന്നെ ആവശ്യമാണ്. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം ബന്ധം പുലര്‍ത്താന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചു,’ മോദി സോഷ്യല്‍മീഡിയ പോസ്റ്റില്‍ പറഞ്ഞു.

‘ഇന്ത്യയുമായുള്ള നമ്മുടെ അത്ഭുതകരമായ ബന്ധം മുന്നോട്ട് പോവുകയാണ്. അത് കൂടുതല്‍ ശക്തമാകും. പ്രധാനമന്ത്രി മോദിയും ഞാനും കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്ന രണ്ട് ആളുകളാണ്, മിക്കവര്‍ക്കും അങ്ങനെ പറയാന്‍ കഴിയില്ല,’ സംഭാഷണത്തിന് പിന്നാലെ ഇന്ത്യയിലെ യു.എസ് എംബസി എക്സിലൂടെ ട്രംപിന്റെ സന്ദേശം പങ്കിട്ടുകൊണ്ട് കുറിച്ചു.

Content Highlight: India denies report that Musk participated in Modi-Trump telephone conversation

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more