അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. യു.എ.ഇ ക്കെതിരെ നടന്ന മത്സരത്തില്‍ 234 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യന്‍ സംഘം സ്വന്തമാക്കിയത്. വൈഭവ് സൂര്യവംശിയുടെ കരുത്തിലാണ് ടീമിന്റെ വിജയം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വൈഭവിന്റെ കരുത്തില്‍ 433 റണ്‍സെടുത്തിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന യു.എ.ഇക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 199 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഇതോടെ ഇന്ത്യക്ക് വിജയത്തോടെ ടൂര്‍ണമെന്റ് തുടങ്ങാനായി.
മറുപടി ബാറ്റിങ്ങില്‍ യു.എ.ഇയ്ക്ക് തുടക്കം തന്നെ പാളിയിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 48 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ടീമിന്റെ അഞ്ച് ബാറ്റര്‍മാരും കൂടാരം കയറി. ഷാലോം ഡിസൂസ (മൂന്ന് പന്തില്‍ നാല്), യായിന്‍ കിരണ്‍ റായ് (12 പന്തില്‍ 17), റയാന്‍ ഖാന്‍ (26 പന്തില്‍ 19), ആയാണ് മിസ്ബാഹ് (18 പന്തില്‍ മൂന്ന്), അഹമ്മദ് ഖുദാദ (മൂന്ന് പത്തില്‍ 0) എന്നിവരാണ് തിരികെ നടന്നത്.
ഈ സ്‌കോറിലേക്ക് അഞ്ച് റണ്‍സ് കൂടി ചേര്‍ത്തതിന് പിന്നാലെ മറ്റൊരു ബാറ്ററും തിരികെ നടന്നു. പത്ത് പന്തില്‍ മൂന്ന് റണ്‍സ് നൂര്‍ അയൂബിയായിരുന്നു പുറത്തായത്. പിന്നാലെ പൃഥ്വി മധുവും ഉദ്ദിഷ് സൂരിയും ഒത്തുചേര്‍ന്നു. ഇരുവരും 85 റണ്‍സ് ചേര്‍ത്ത് പിരിഞ്ഞു.
87 പന്തില്‍ 50 റണ്‍സെടുത്ത മധു മടങ്ങിയതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. പിന്നീട് സലേഹ് അമിന്‍ ക്രീസിലെത്തി. താരം സൂരിയ്ക്ക് പിന്തുണയുമായി ഒരറ്റത്ത് പിടിച്ച് നിന്നു. ഇരുവരും ചേര്‍ന്ന് ടീമിനെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും 50 ഓവറില്‍ 199 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ.
സൂരിയും അമിനും ചേര്‍ന്ന് 61 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നെങ്കിലും വിജയിക്കാന്‍ ആ സ്‌കോര്‍ മതിയായില്ല. അതോടെ ഇന്ത്യ വിജയിക്കുകയായിരുന്നു.
മത്സരത്തിനിടെ ഇന്ത്യൻ താരം വൈഭവ് സൂര്യവംശി. Photo: BCCI/x.com
ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഖിലന്‍ പട്ടേല്‍, കിഷന്‍ കുമാര്‍ സിങ്, ഹെനില്‍ പട്ടേല്‍ എന്നിവര്‍ ശേഷിക്കുന്ന വിക്കറ്റുകളും നേടി.
നേരത്തെ, ഇന്ത്യയ്ക്കായി സൂര്യവംശി മികച്ച പ്രകടനമാണ് നടത്തിയത്. 95 പന്തില്‍ നിന്ന് 14 കൂറ്റന്‍ സിക്സറുകളും ഒമ്പത് ഫോറും ഉള്‍പ്പെടെ 171 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. താരത്തിന് പുറമെ, ആരോണ്‍ വര്‍ഗീസ്, വിഹാന്‍ മല്‍ഹോത്ര എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. വര്‍ഗീസ് 73 പന്തില്‍ 69 റണ്‍സെടുത്തപ്പോള്‍ വിഹാന്‍ മല്‍ഹോത്ര 55 പന്തില്‍ 69 റണ്‍സും നേടി.
യു.എ.ഇക്ക് വേണ്ടി യങ് ശര്‍മ, ഉദ്ദിഷ് സുരി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഷോളം ഡിസൂസ, യായിന്‍ കിരണ്‍ റായ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: India defeated UAE In U19 Asia Cup with Vaibhav Suryavanshi’s century