ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 336 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 271ന് പുറത്തായി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിങ് കരുത്തിലും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ ബൗളിങ് കരുത്തിലുമാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്. ഇതോടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്താനും ഇന്ത്യയ്ക്കായി.
സ്‌കോര്‍
ഇന്ത്യ: 587 & 427/6d
ഇംഗ്ലണ്ട്: 407 & 271 (T: 608)
ചരിത്രത്തിലാദ്യമായാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇതിന് മുമ്പ് കളിച്ച എട്ടില്‍ ഏഴ് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഒരു മത്സരം സമനിലയിലും അവസാനിച്ചു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ആദ്യ ഇന്നിങ്സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 30 ഫോറും മൂന്ന് സിക്സറും ഉള്‍പ്പടെ 269 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. താരത്തിന്റെ ടെസ്റ്റ് കരിയറില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്, ആദ്യ ഇരട്ട സെഞ്ച്വറിയും ഇത് തന്നെ.
ഗില്ലിന് പുറമെ രവീന്ദ്ര ജഡേജ (89), യശസ്വി ജെയ്സ്വാള്‍ (87) എന്നിവരും ആദ്യ ഇന്നിങ്സില്‍ ഇന്ത്യയ്ക്കായി തിളങ്ങി.
ഹാരി ബ്രൂക്കിന്റെയും ജെയ്മി സ്മിത്തിന്റെയും സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ പൊരുതിയത്. വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത് 21 ഫോറിന്റെയും നാല് സിക്സറിന്റെയും അകടമ്പടിയോടെ പുറത്താകാതെ 184 റണ്‍സ് നേടി. 158 റണ്‍സാണ് ഹാരി ബ്രൂക്ക് ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചത്. 17 ഫോറും ഒരു സിക്സറുമാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.
ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആകാശ് ദീപ് നാല് വിക്കറ്റും നേടി.
ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്കായി ശുഭ്മന്‍ ഗില്‍ വീണ്ടും തിളങ്ങി. ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ച്വറി നേടിയ താരം രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറിയും സ്വന്തമാക്കി. 162 പന്ത് നേരിട്ട് 161 റണ്‍സാണ് താരം സ്വന്തമാക്കിയത്.
രവീന്ദ്ര ജഡേജ (69*), റിഷബ് പന്ത് (65), കെ.എല്‍. രാഹുല്‍ എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.
ഒടുവില്‍ 427/6 എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.
608 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ആതിഥേയര്‍ക്ക് ഓപ്പണര്‍ സാക്ക് ക്രോളിയെ പൂജ്യത്തിന് നഷ്ടമായി. 15 പന്തില്‍ 24 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റ്, 16 പന്തില്‍ ആറ് റണ്‍സ് നേടിയ ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകളും നാലാം ദിവസം അവസാനിക്കും മുമ്പ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടിരുന്നു.
അഞ്ചാം ദിനം തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിന് തിരിച്ചടിയേറ്റു. ഒലി പോപ്പിന്റെയും ഹാരി ബ്രൂക്കിന്റെയും വിക്കറ്റുകള്‍ പിഴുതെറിഞ്ഞ് ആകാശ് ദീപ് ആതിഥേയരെ ബാക്ക്ഫൂട്ടിലേക്കിറക്കി. പോപ് 24 റണ്‍സിനും ബ്രൂക്ക് 23 റണ്‍സിനും പുറത്തായി.
ജെയ്മി സ്മിത്തിന്റെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് ജീവവായുവായത്. 99 പന്തില്‍ 88 റണ്‍സുമായി സ്മിത് മടങ്ങി. 33 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സും ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ക്യാപ്റ്റനെ മടക്കി വാഷിങ്ടണ്‍ ഇന്ത്യയ്ക്ക് അഡ്വാന്റേജ് നല്‍കി.
വാലറ്റത്ത് നിന്നുള്ള ബ്രൈഡന്‍ കാര്‍സിന്റെ രക്ഷാപ്രവര്‍ത്തനവും ഫലം കണ്ടില്ല. 38 റണ്‍സുമായി കാര്‍സ് പുറത്തായി.
ഒടുവില്‍ 271ന് ഇംഗ്ലണ്ടിന്റെ പത്താം വിക്കറ്റും പിഴുതെറിഞ്ഞ് പ്രസിദ്ധ് കൃഷ്ണ ഇന്ത്യയക്ക് വിജയം സമ്മാനിച്ചു.
രണ്ടാം ഇന്നിങ്‌സില്‍ ആകാശ് ദീപ് ആറ് വിക്കറ്റുമായി തിളങ്ങി. രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: India defeated England in second test