| Thursday, 30th October 2025, 11:02 pm

ചരിത്ര വിജയവുമായി ഇന്ത്യന്‍ പട; ജെമീമയുടെ സെഞ്ച്വറികരുത്തില്‍ കങ്കാരുക്കളെ തകര്‍ത്ത് ഫൈനലില്‍!

സ്പോര്‍ട്സ് ഡെസ്‌ക്

2025 വനിതാ ലോകകപ്പിലെ രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ. ഇതോടെ ഫൈനലിലേക്ക് മുന്നേറാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. ഫൈനലില്‍ സൗത്ത് ആഫ്രിക്കക്കെതിരെയാണ് ഇന്ത്യ ഏറ്റുമുട്ടേണ്ടത്. മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയലക്ഷ്യം 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ത്തില്‍ 341 റണ്‍സ് നേടി ഫിനിഷ് ചെയ്യുകയായിരുന്നു ഇന്ത്യ. ഇതോടെലോകകപ്പ് നോക്ക് ഔട്ടിലെ ഏറ്റവും വലിയ സ്‌കോര്‍ ചെയ്‌സ് ചെയ്യാനാണ് ഇന്ത്യന്‍ പെണ്‍പടയ്ക്ക് സാധിച്ചത്.

ഇന്ത്യയെ വിജയത്തിലെത്തിച്ചത് മൂന്നാം നമ്പറില്‍ ഇറങ്ങിയ ജമീമ റോഡ്രിഗസാണ്. 134 പന്തില്‍ 14 ഫോര്‍ ഉള്‍പ്പെടെ 127* റണ്‍സ് നേടി പുറത്താകാതെയാണ് താരം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ മോശം പ്രകടനങ്ങളുടെ പേരില്‍ പഴികേട്ട ജെമീമയുടെ കരുത്തിലാണ് ഇപ്പോള്‍ ഇന്ത്യ മറ്റൊരും ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്.

ജമീമയ്ക്ക് പുറമെ ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും മികച്ച പ്രകടനം നടത്തിയാണ് മടങ്ങിയത്. 88 പന്തില്‍ രണ്ട് സിക്‌സും 10 ഫോറും ഉപ്പെടെ 89 റണ്‍സാണ് താരം സ്വന്തമാക്കിയത്. 101. 14 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്‍സ് നേടിയത്. സ്മൃതി മന്ഥാന (24), ദീപ്തി ശര്‍മ (24), റിച്ചാ ഘോഷ് (26), അമന്‍ജോത് കൗര്‍ (16) എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി മികച്ച സംഭാവനകള്‍ നല്‍കി.

അതേസമയം ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയുടെ ഓപ്പണര്‍ ഫോബി ലിച്ച്ഫീല്‍ഡിന്റെ കരുത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 93 പന്തില്‍ 17 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 119 റണ്‍സ് നേടിയാണ് പുറത്തായത്. 127.96 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

താരത്തിന് പുറമെ മൂന്നാമതായി ഇറങ്ങിയ എല്ലിസ് പെറി 88 പന്തില്‍ 77 റണ്‍സും നേടി മിന്നും പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റനും ഓപ്പണറുമായ അലീസ ഹീലി അഞ്ച് റണ്‍സിന് മടങ്ങിയതോടെ ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 155 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഓസീസിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്.

മത്സരത്തില്‍ ഓസീസിന് വേണ്ടി ആറാം നമ്പറില്‍ ഇറങ്ങിയ ആഷ്ളി ഗാര്‍ഡണര്‍ 45 പന്തില്‍ നാല് സിക്സും ഫോറും ഉള്‍പ്പെടെ 63 റണ്‍സും നേടി മികച്ചുനിന്നിരുന്നു. അതേസമയം അവസാന ഓവറിനെത്തിയ ദീപ്തി ശര്‍മയുടെ ഓവറില്‍ ഒരു റണ്‍ ഔട്ട് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകളാണ് വീണത്. നല്ലപ്പുറെഡ്ഡി ചരണി രണ്ട് വിക്കറ്റും ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധാ യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: India Defeat Australia And Enter In women’s world cup 2025 Final

We use cookies to give you the best possible experience. Learn more