| Friday, 6th February 2026, 5:46 pm

ലോക ചരിത്രത്തിലെ ആദ്യ ടീമായി ഇന്ത്യ; വൈഭവിന്റെ വെടിക്കെട്ടില്‍ പിറന്നത് കിടിലന്‍ റെക്കോഡ്!

ശ്രീരാഗ് പാറക്കല്‍

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഇംഗ്ലണ്ടിന് മുന്നില്‍ പടുത്തുയര്‍ത്തിയത്.

ഇതോടെ ഒരു ചരിത്ര റെക്കോഡ് നേടാനും ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റ് ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന ടോട്ടലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. അണ്ടര്‍ 19 ലോകകപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറും ഇന്ത്യയുടെ പേരിലാണ്. ഇത്തവണത്തെ സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെതിരെ 311 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റര്‍ വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. വെറും 80 പന്തില്‍ നിന്ന് 15 ഫോറും 15 സിക്‌സും ഉള്‍പ്പെടെ 175 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. 218.75 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

ഇതോടെ പല റെക്കോഡുകളും താരം സ്വന്തമാക്കിയിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം (30), ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിക്കുന്ന താരം തുടങ്ങി വമ്പന്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഈ 14 വയസുകാരന് സാധിച്ചിരിക്കുകയാണ്.

മത്സരത്തില്‍ നേരിട്ട 55ാം പന്തിലാണ് താരം ടൂര്‍ണമെന്റിലെ തന്റെ കന്നി സെഞ്ച്വറി അടിച്ചെടുത്തത്. മാനി ലംസ്ഡനാണ് വൈഭവിനെ പുറത്താക്കിയത്.

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് മലയാളി താരം ആരോണ്‍ ജോര്‍ജിനെ ഒമ്പത് റണ്‍സിന് നഷ്ടമായി. എന്നാല്‍ വൈഭവും ആയുഷ് മാഹ്‌ത്രെയും തമ്മിലുള്ള 100+ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഒടുക്കം 51 പന്തില്‍ 53 റണ്‍സ് നേടി ആയുഷ് പുറത്താകുകയായിരുന്നു. ക്യാപ്റ്റന്‍ ആയുഷാണ് ടീമിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍.

താരത്തിന് പുറകെ അഭിഗ്യാന്‍ കുണ്ടു 40 റണ്‍സും കനിഷ്‌ക് ചൗഹാന്‍ 37* റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. വേദാന്ത് ത്രിവേദി 32ഉം വിഹാന്‍ മല്‍ഹോത്ര 30 റണ്‍സും നേടി മികവ് പുലര്‍ത്തി.

ഇന്ത്യ ഉയര്‍ത്തിയ റണ്‍മല കയറാന്‍ ഇംഗ്ലണ്ട് നന്നായി വിയര്‍ക്കേണ്ടി വരുമെന്നാണ് ഏവരും കരുതുന്നത്. ആറാം കിരീടം ലക്ഷ്യം വെച്ച് തന്നെയാകും ഇന്ത്യ ബൗളിങ്ങിന് ഇറങ്ങുക.

Content Highlight: India Create Great Record Achievement In U19 World Cup History

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more