| Tuesday, 18th August 2026, 3:24 pm

ലോകത്തിലെ ആദ്യ ടീം; പുതിയ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ

സുദേവ് എ

ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യ. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 500 സിക്‌സുകള്‍ സ്വന്തമാക്കുന്ന ആദ്യ ടീമായി മാറിയാണ് ഇന്ത്യ ചരിത്രം സൃഷ്ടിച്ചത്. ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

66 മത്സരങ്ങളില്‍ നിന്നുമാണ് ഇന്ത്യ നാഴികക്കല്ല് പിന്നിട്ടത്. 397 സിക്‌സുകള്‍ നേടിയ ഇംഗ്ലണ്ടാണ് ഇന്ത്യക്ക് പുറകിലുള്ളത്. ഇന്ത്യയേക്കാള്‍ നൂറിലധികം സിക്‌സുകള്‍ക്ക് പുറകളിലാണ് ഇംഗ്ലണ്ട്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ ടീം, സിക്‌സുകളുടെ എണ്ണം

ഇന്ത്യ-500*

ഇംഗ്ലണ്ട്-397

ന്യൂസിലാന്‍ഡ്-261

ഓസ്‌ട്രേലിയ-231

വെസ്റ്റ് ഇന്‍ഡീസ്-211

സൗത്ത് ആഫ്രിക്ക-192

പാകിസ്ഥാന്‍-191

ശ്രീലങ്ക-185

ബംഗ്ലാദേശ്-120

അതേസമയം മത്സരത്തില്‍ ശ്രീലങ്കക്ക് ഇന്ത്യക്കെതിരെ വിജയിക്കാന്‍ 372 റണ്‍സിന്റെ കടമ്പയാണുള്ളത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 193 റണ്‍സിനാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. 69 പന്തില്‍ രണ്ട് സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 66 റണ്‍സാണ് പന്ത് സ്വന്തമാക്കിയത്.

ദേവ്ദത്ത് പടിക്കല്‍ ഇന്ത്യയുടെ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും 44 റണ്‍സിന് പുറത്താകുകയായിരുന്നു. 75 പന്തില്‍ നിന്ന് ആറ് ഫോര്‍ ഉള്‍പ്പെടെയാണ് പടിക്കല്‍ സ്‌കോര്‍ ചെയ്തത്. താരത്തിന് പുറമെ കെ.എല്‍. രാഹുല്‍ 35 റണ്‍സും സ്വന്തമാക്കി.

ലങ്കന്‍ ബൗളിങ്ങില്‍ അസിത ഫെര്‍ണാണ്ടോ നാല് വിക്കറ്റുകളും പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റും ലഹിരു കുമാര രണ്ട് വിക്കറ്റും നേടി തിളങ്ങി. കേഷാര നുവന്ത ഒരു വിക്കറ്റും കൈവരിച്ചു.

ഒന്നാം ഇന്നിങ്സില്‍ ശ്രീലങ്ക 284 റണ്‍സിനാണ് പുറത്തായത്. ഇന്ത്യന്‍ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ നേടി മാനവ് സുതര്‍ തിളങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തു. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.

ശ്രീലങ്കന്‍ നിരയില്‍ സൊനല്‍ ദിനുഷ സെഞ്ച്വറി നേടി. 168 പന്തുകളില്‍ നിന്നും 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. നാല് ഫോറുകളും രണ്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

നിരോഷന്‍ ഡിക്ക്വെല്ല അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. 115 പന്തില്‍ 80 റണ്‍സാണ് താരം നേടിയത്. ഏഴ് ഫോറുകളായിരുന്നു താരം നേടിയത്.

ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 462 റണ്‍സിനാണ് പുറത്തായത്. ഇന്ത്യന്‍ നിരയില്‍ ദേവ്ദത്ത് പടിക്കല്‍ സെഞ്ച്വറി നേടി കരുത്തുകാട്ടി. 230 പന്തുകളില്‍ നിന്നും 15 ഫോറുകളും ഒരു സിക്‌സും അടക്കം 167 റണ്‍സാണ് പടിക്കല്‍ സ്വന്തമാക്കിയത്.

കെ.എല്‍ രാഹുല്‍ 10 ഫോറുകളും ഒരു സിക്‌സും അടക്കം 80 റണ്‍സും ധ്രുവ് ജുറെല്‍ നാല് ഫോറുകളും ഒരു സിക്‌സും അടക്കം 51 റണ്‍സും നേടി.

ശ്രീലങ്കന്‍ ബൗളിങ്ങില്‍ പ്രഭാത് ജയസൂര്യ നാല് വിക്കറ്റും കേഷാര നുവന്ത മൂന്ന് വിക്കറ്റും അസിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റും നേടി തിളങ്ങി.

Content Highlight: India create a new history in world test championship

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more