| Wednesday, 11th March 2026, 8:34 am

അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം; അഫ്ഗാനിലെ പാക് വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യ

നിഷാന. വി.വി

ന്യൂദല്‍ഹി: അഫ്ഗാനിലസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യ.
അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന് മേലുള്ള നഗ്നമായ ലംഘനമാണിതെന്നും ഇന്ത്യ പറഞ്ഞു.

തിങ്കളാഴ്ച നടന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

ഇസ്‌ലാമിക ഐക്യത്തെക്കുറിച്ച് സംസാരിക്കുകയും എന്നാല്‍ വിശുദ്ധമായ റമദാന്‍ മാസത്തില്‍ തന്നെ മുസ്‌ലിം ഭൂരിപക്ഷമുള്ള അഫ്ഗാനില്‍ ആക്രമണം നടത്തുകയും ചെയ്യുന്ന പാകിസ്ഥാന്റെ നിലപാട് കാപട്യം നിറഞ്ഞതാണെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹരീഷ് പര്‍വ്വദനേനി പറഞ്ഞു.

അഫ്ഗാന്‍ പ്രദേശത്ത് നടന്ന വ്യോമാക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എന്‍ ചാര്‍ട്ടറിന്റെയും രാജ്യത്തിന്റെ പരമാധികാര തത്വത്തിന്റെയും നഗ്‌നമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

യു.എന്‍ അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ അഫ്ഗാനിസ്ഥാന്റെ കണക്കുകള്‍ പ്രകാരം പാകിസ്ഥാന്‍ ആക്രമണത്തില്‍ ഏകദേശം 185 സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 55% ത്തിലധികം സ്ത്രീകളും കുട്ടികളുമാണ്.

അതിര്‍ത്തി കടന്നുള്ള സായുധ അക്രമം മൂലമുണ്ടാകുന്ന സാധാരണക്കാരുടെ മരണങ്ങളില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോര്‍ട്ട് അഗാധമായ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെന്ന് ഹരീഷ് ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര മാനുഷിക നിയമം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമപ്രകാരമുള്ള ബാധ്യതകള്‍ പാലിക്കണമെന്നും പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കണമെന്നമുളള സെക്രട്ടറി ജനറലിന്റെ ആഹ്വാനത്തിന് ഇന്ത്യ പിന്തുണ ആവര്‍ത്തിച്ചു.

പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ ഈ സാഹചര്യം മുതലെടുക്കുകയാണെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

അഫ്ഗാനിസ്ഥാനെ പോലുളള കടല്‍ തീരമില്ലാത്ത രാജ്യത്തെ ശ്വാസം മുട്ടിക്കാന്‍ പാകിസ്ഥാന്‍ അതിര്‍ത്തികള്‍ അടച്ചിടുന്നതിനെയും ഇന്ത്യയുടെ പ്രതിനിധി ശക്തമായി വിമര്‍ശിച്ചു.

ഇതിനെ ‘ ട്രെഡ് ആന്‍ഡ് ട്രാന്‍സിറ്റ് ടെററിസം’ എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഇത് ലോക വ്യാപാര സംഘടന (ഡബ്ല്യൂ.ടി.ഒ ) യുടെ നയങ്ങള്‍ക്കും എതിരാണെന്ന് ഇന്ത്യ വാദിച്ചു.

ഈ പ്രതിസന്ധി ഘട്ടത്തിലും അഫ്ഗാനിസ്ഥാനിലെ ജനതയ്‌ക്കൊപ്പമാണെന്ന്
ഇന്ത്യ ആവര്‍ത്തിച്ചു.

അഫ്ഗാനിസ്ഥാനിലെ 500 ലധികം വരുന്ന വികസന പദ്ധതികളും മാനുഷിക സഹായങ്ങളും തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

‘ഇന്ന് അഫ്ഗാനിസ്ഥാനില്‍ എത്തുന്ന ഏതൊരു സന്ദര്‍ശകനും അഫ്ഗാന്‍ യുവാക്കള്‍ ആവേശത്തോടെ ക്രിക്കറ്റ് കളിക്കുന്നത് കാണാനാകും.

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം അവര്‍ കളിച്ചിടത്തെല്ലാം ഹൃദയങ്ങള്‍ കീഴടക്കിയിട്ടുണ്ട്. ഇപ്പോള്‍ സമാപിച്ച ക്രിക്കറ്റ് ലോകകപ്പില്‍ അവരുടെ ആവേശവും അഭിനിവേശവും ശ്രദ്ധേയമായിരുന്നു. അവരുടെ യാത്രയില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എന്റെ രാഷ്ട്രം അഭിമാനിക്കുന്നു,’ ഹരീഷ് പറഞ്ഞു.

Content Highlight: India condemns Pakistan airstrike in Afghanistan, calls it a flagrant violation of international law

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more