വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര ആതിഥേയര്‍ ക്ലീന്‍ സ്വീപ് ചെയ്ത് സ്വന്തമാക്കിയിരിക്കുകയാണ്. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് മത്സരത്തിലും ആധികാരികമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ശുഭ്മന്‍ ഗില്ലിന് കീഴില്‍ ഇന്ത്യയുടെ ആദ്യ പമ്പര വിജയം കൂടിയാണിത്.
നേരത്തെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്നിങ്സ് വിജയം സ്വന്തമാക്കിയ ഇന്ത്യ, ദല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റ് ഏഴ് വിക്കറ്റിനും വിജയിച്ചു.
സ്‌കോര്‍
ഇന്ത്യ: 518/5d & 124/3 (T: 121)
വെസ്റ്റ് ഇന്‍ഡീസ്: 248 & 390 (f/o)
ഈ വിജയത്തോടെ സ്വന്തം തട്ടകത്തില്‍ ഏറ്റവുമധികം വിജയം നേടുന്ന ടീമുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും ഇന്ത്യയ്ക്ക് സാധിച്ചു. ഇന്ത്യന്‍ മണ്ണില്‍ ഇത് 122ാം വിജയമാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ഹോം ഗ്രൗണ്ടുകളില്‍ 121 വിജയം സ്വന്തമാക്കിയ സൗത്ത് ആഫ്രിക്കയെ മറികടന്നുകൊണ്ടായിരുന്നു ഇന്ത്യയുടെ നേട്ടം.
സ്വന്തം മണ്ണില്‍ ഇന്ത്യ ഇതുവരെ കളിച്ചത് 296 ടെസ്റ്റുകള്‍. 122ല്‍ വിജയിച്ചപ്പോള്‍ പരാജയപ്പെട്ടത് 58 മത്സരങ്ങളില്‍. ഒരു മത്സരം ടൈയില്‍ അവസാനിച്ചപ്പോള്‍ 115 കളികള്‍ സമനിലയിലും കലാശിച്ചു.
(ടീം – ഹോം ഗ്രൗണ്ടില്‍ ആകെ മത്സരം – വിജയം – തോല്‍വി – സമനില എന്നീ ക്രമത്തില്‍)
ഓസ്‌ട്രേലിയ – 450 – 262 – 103 – 84
ഇംഗ്ലണ്ട് – 558 – 241 – 132 – 184
ഇന്ത്യ – 292 – 122 – 58 – 115
സൗത്ത് ആഫ്രിക്ക – 254 – 121 – 77 – 56
വെസ്റ്റ് ഇന്‍ഡീസ് – 270 – 95 – 74 – 101
ന്യൂസിലാന്‍ഡ് – 235 – 76 – 71 – 88
ശ്രീലങ്ക – 162 – 72 – 47 – 43
പാകിസ്ഥാന്‍ – 172 – 63 – 30 – 78
ബംഗ്ലാദേശ് – 81 – 14 – 53 – 14
സിംബാബ്‌വേ – 72 – 9 – 43 – 20
അയര്‍ലന്‍ഡ് – 2 – 1 – 1 0
വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 518 റണ്‍സിന് ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. യശസ്വി ജെയ്സ്വാള്‍ (258 പന്തില് 175), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (196 പന്തില്‍ 129), സായ് സുദര്‍ശന്‍ (165 പന്തില്‍ 87) എന്നിവരുടെ കരുത്തിലാണ് ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് ടോട്ടല്‍ കണ്ടെത്തിയത്.
ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 248ന് പുറത്തായി. 41 റണ്‍സടിച്ച അലിക് അത്തനാസാണ് ടോപ് സ്‌കോറര്‍.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തി കരിയറിലെ മറ്റൊരു ഫൈഫര്‍ കൂടി തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തു. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 390 റണ്‍സാണ് നേടിയത്. ജോണ്‍ കാംബെല്‍, ഷായ് ഹോപ്പ് എന്നിവരുടെ സെഞ്ച്വറിയും അവസാന വിക്കറ്റില്‍ ജസ്റ്റിന്‍ ഗ്രീവ്സും ജെയ്ഡന്‍ സീല്‍സും ചേര്‍ന്ന് പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുമാണ് കരീബിയന്‍സിനെ മറ്റൊരു ഇന്നിങ്സ് തോല്‍വിയില്‍ നിന്നും കരകയറ്റിയത്.
കാംബെല്‍ 199 പന്ത് നേരിട്ട് 115 റണ്‍സ് നേടി. 214 പന്തില്‍ 103 റണ്‍സാണ് ഹോപ്പ് സ്വന്തമാക്കിയത്. ഗ്രീവ്സ് പുറത്താകാതെ 50 റണ്‍സും സീല്‍സ് 32 റണ്‍സും നേടി.
രണ്ടാം ഇന്നിങ്സില്‍ ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതം പിഴുതെറിഞ്ഞു. സിറാജ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി വിന്‍ഡഡീസ് പതനം പൂര്‍ത്തിയാക്കി.
121 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയര്‍ക്ക് യശസ്വി ജെയ്സ്വാളിനെ രണ്ടാം ഓവറില്‍ എട്ട് റണ്‍സിന് നഷ്ടപ്പെട്ടു. എന്നാല്‍ കെ.എല്‍ രാഹുല്‍ (108 പന്തില്‍ പുറത്താകാതെ 58), സായ് സുദര്‍ശന്‍ (76 പന്തില്‍ 39) എന്നിവരുടെ കരുത്തില്‍ അവസാന ദിവസത്തിന്റെ ആദ്യ സെഷനില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: India climbs to third in most Test wins at home