ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ നിര്‍ണായകമായ പ്രത്യേക പ്രതിനിധി ചര്‍ച്ചകള്‍ക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലെ ബെയ്ജിങ്ങിലെത്തും.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ്‌യിയുമായാണ് കൂടിക്കാഴ്ച. 3488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരം കാണുന്നതിനും അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുമാണ് ചര്‍ച്ച. സമാധാന ചര്‍ച്ചകള്‍ ചൊവ്വാഴ്ച ആരംഭിക്കും.
2020ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുണ്ടായിരുന്നു. 2024ന് ശേഷം അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കുന്നതിനും ബന്ധം സാധാരണ നിലയിലാക്കുന്നതിനുമുള്ള നടപടികള്‍ ഇരുരാജ്യങ്ങളും സ്വീകരിച്ചുവരികയാണെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സെപ്റ്റംബര്‍ 12-13 തീയതികളില്‍ ന്യൂദല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായാണ് പുതിയ ചര്‍ച്ചകള്‍ നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള സാധ്യതയും ഇന്ത്യ-ചൈന ബന്ധത്തിലെ തുടര്‍ നീക്കങ്ങളും ഈ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം സമഗ്രമായി പരിഹരിക്കുന്നതിനായി 2003 ലാണ് പ്രത്യേക പ്രതിനിധികളുടെ ചര്‍ച്ച സംവിധാനം രൂപീകരിച്ചത്.
Content Highlights: India-China border talks: Ajit Doval to arrive in Beijing.