വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2026ലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ ചാമ്പ്യന്‍സ്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 46 റണ്‍സിന്റെ വിജയമാണ് യുവരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 16.2 ഓവറില്‍ 150 റണ്‍സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു.
സൂപ്പര്‍താരം യുവരാജ് സിങ്ങിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യയുടെ വിജയം. 44 പന്തില്‍ നിന്ന് ആറ് സികസറും നാല് ഫോറും ഉള്‍പ്പെടെ 71 റണ്‍സാണ് യുവി അടിച്ചുകൂട്ടിയത്. 161.36 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ഉണ്ടായിരുന്നു. മത്സരത്തില്‍ നാലാമനായി ഇറങ്ങിയാണ് താരം മിന്നല്‍ പ്രകടനം നടത്തിയത്.
യുവരാജിന് പുറമേ 20 പന്തില്‍ നാല് സികസറും ഒരു ഫോറും ഉള്‍പ്പെടെ 37 റണ്‍സ് നേടിയ യൂസഫ് പത്താനാണ് സെക്കന്‍ഡ് ടോപ് സ്‌കോറര്‍. 185.00 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.
ഏഴാം നമ്പറില്‍ ഇറങ്ങി മിന്നും പ്രകടനമാണ് ഋഷി ധവാന്‍ കാഴ്ചവച്ചത്. 12 പന്തില്‍ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 35 റണ്‍സായിരുന്നു ഋഷി അടിച്ചെടുത്തത്. 291.67 എന്ന മിന്നല്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്. ഓപ്പണര്‍ നമന്‍ ഓജ 26 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 31 റണ്‍സ് നേടിയിരുന്നു.
ഓസ്‌ട്രേലിയയിലേക്ക് വേണ്ടി ബെന്‍ ഹില്‍ഫെന്‍ഹൗസ്, ബെന്‍ ലാഫ്‌ളിങ്, ഫവാദ് അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിന് വേണ്ടി ഓപ്പണര്‍ ആര്‍ക്കി ഷോട്ടാണ് മികച്ച പ്രകടനം നടത്തിയത്. 28 പന്തില്‍ നിന്ന് ഏഴ് സികസറുകളും നാല് ഫോറും ഉള്‍പ്പെടെ 65 റണ്‍സാണ് താരം നേടിയത്. ജോ ബേണ്‍സ് 32 പന്തില്‍ നാല് സികസറുകള്‍ ഉള്‍പ്പെടെ 45 റണ്‍സ് നേടി. മറ്റാര്‍ക്കും ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല.
ഇന്ത്യക്കുവേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ധവാല്‍ കുല്‍ക്കറിണിയാണ്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മോഹിത് ശര്‍മ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ പീയൂഷ് ചൗള രണ്ട് വിക്കറ്റും ഹര്‍ഭജന്‍ സിങ് ഒരു വിക്കറ്റും നേടി.
Content Highlight: India Champions Beat Australia Champions In 1st Match Of World Championship of Legends 2026