| Saturday, 11th April 2026, 10:30 pm

കൊവിഡിനെ അതിജീവിച്ചതുപോലെ പശ്ചിമേഷ്യന്‍ പ്രതിസന്ധികളെയും ഇന്ത്യയ്ക്ക് നേരിടാനാകും: രാജ്‌നാഥ് സിങ്

ആദര്‍ശ് എം.കെ.

ലഖ്നൗ: ലോകം നേരിടുന്ന ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ രാജ്യം പൂര്‍ണ സജ്ജമാണെന്നും ആഗോള സംഘര്‍ഷങ്ങളില്‍ നിന്നുള്ള വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തിന് മതിയായ കരുതല്‍ ശേഖരമുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.

ലഖ്നൗവില്‍ ഗോമതിനഗറില്‍ ജന്‍ കല്യാണ്‍ മഹാസമിതിയുടെ വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിസന്ധികളെ അതിജീവിച്ചതുപോലെ പശ്ചിമേഷ്യയിലെ യുദ്ധം മൂലമുണ്ടായ പ്രതിസന്ധികളെയും രാജ്യം മറികടക്കുമെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

‘നമ്മള്‍ കൊവിഡിനെ വിജയകരമായി കൈകാര്യം ചെയ്തു, പശ്ചിമേഷ്യയില്‍ ഇപ്പോള്‍ സംഭവിക്കുന്ന എന്തിനെയും നേരിടാന്‍ നമ്മള്‍ തയ്യാറാണ്,’ അദ്ദേഹം പറഞ്ഞു

പ്രതിസന്ധികളെ നേരിടാന്‍ ഇന്ത്യ പ്രാപ്തമാണെന്ന് ലോകബാങ്ക് വിലയിരുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘നമ്മുടെ സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളിടത്തോളം കാലം രാജ്യത്ത് വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും രാജ്യത്തിന് മതിയായ കരുതല്‍ ശേഖരമുണ്ട്. അഭ്യൂഹങ്ങളില്‍ ആരും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ല.

ഇസ്രഈലും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍ യുദ്ധത്തിന്റെ വെല്ലുവിളികള്‍ നേരിട്ടുണ്ട്. പക്ഷേ ഇന്ത്യ ഈ വെല്ലുവിളികള്‍ സ്വീകരിക്കുകയായിരുന്നു.

കുറച്ചുകാലത്തേക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും രാജ്യത്തെ ജനങ്ങള്‍ പൂര്‍ണശക്തിയോടെയും ക്ഷമയോടെയും നിലകൊള്ളണം,’ രാജ്‌നാഥ് സിങ് പറഞ്ഞു.

സാമ്പത്തിക വളര്‍ച്ച: ലോകം മുഴുവന്‍ ആഗോള പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഒരുകാലത്ത് മാഫിയകളുടെ കേന്ദ്രമായിരുന്ന ഉത്തര്‍പ്രദേശ് ഇന്ന് സന്യാസിമാരുടെയും ദാര്‍ശനികരുടെയും കേന്ദ്രമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.

‘ബിമാരു’ സംസ്ഥാനമെന്ന് വിളിക്കപ്പെട്ടിരുന്ന യു.പി ഇന്ന് ‘ഉത്തം പ്രദേശ്’ (വികസിത സംസ്ഥാനം) ആയി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിലുള്ള ‘ഡബിള്‍ എഞ്ചിന്‍’ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: India can deal with West Asian crises just as it overcame Covid: Rajnath Singh

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more