ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലിനെ സംയുക്തമായി എതിര്‍ക്കാന്‍ തീരുമാനിച്ചതായി ഇന്ത്യാ സഖ്യ നേതാക്കള്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ പാര്‍ലമെന്ററി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.
ബി.ജെ.പി-ആര്‍.എസ്.എസ് സഖ്യം രാജ്യത്ത് സ്ഥിരമായി അധികാരത്തില്‍ തുടരാനും ജനാധിപത്യം അവസാനിപ്പിക്കാനുമുള്ള നീക്കമാണ് നടത്തുന്നതെന്നും ഇന്ത്യാ സഖ്യം അഭിപ്രായപ്പെട്ടു. ബില്ല് ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ വഴിയൊരുക്കുമെന്ന് ഇന്ത്യ മുന്നണി യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു. ബില്‍ നിയമമായാല്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജനസംഖ്യാനുപാതികമായ സീറ്റുകള്‍ ലഭിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നടത്തി.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 400ലധികം സീറ്റുകള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. ഈ ബില്‍ പാസാക്കുന്നതിലൂടെ 800ലധികം സീറ്റുകള്‍ എന്ന ലക്ഷ്യം കൈവരിച്ച് സ്ഥിരമായി അധികാരത്തില്‍ തുടരാനും ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താനുമാണ് മോദി ഉദ്ദേശിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.
അധികാരം അവരുടെ കൈകളിലെത്തിയാല്‍, സ്ഥിരമായി അധികാരത്തില്‍ തുടരാന്‍ ഈ ബില്ലിനെ ഒരു ആയുധമായി ഉപയോഗിക്കാന്‍ അവര്‍ എന്തും ചെയ്യും. തങ്ങള്‍ ഈ ബില്ലിനെ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യം അവസാനിപ്പിച്ച്, ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കൈകളില്‍ എന്നെന്നേക്കുമായി ഭരണം ഏല്‍പ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിലൂടെ മനുസ്മൃതി നടപ്പിലാക്കപ്പെടും. നേരത്തെയും ബി.ജെ.പി ഈ ബില്‍ പാസാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ കൂട്ടായ പരിശ്രമത്താല്‍ അത് പരാജയപ്പെട്ടുവെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
30-40 വര്‍ഷത്തേക്ക് അധികാരത്തില്‍ തുടരാനുള്ള ബി.ജെ.പി നീക്കങ്ങളുടെ ഭാഗമാണ് ബില്ലെന്ന് ഇന്ത്യ മുന്നണി യോഗത്തില്‍ പങ്കെടുത്ത സ്വതന്ത്ര എം.പി കപില്‍ സിബല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് ഗ്യാനേഷ് കുമാറിനെ നിയമിച്ച അതേ രീതിയില്‍ തന്നെയായിരിക്കും അവര്‍ മണ്ഡല പുനര്‍നിര്‍ണയ സമിതിയിലേക്കും ആളുകളെ നിയമിക്കുകയെന്നും സിബല്‍ ചൂണ്ടിക്കാട്ടി.
‘ദേശീയ തലത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും, ഭാവിയില്‍ എന്താണ് വരാനിരിക്കുന്നതെന്നും നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. ദേശീയ തലത്തില്‍ ഈ ബില്‍ പാസായാല്‍, ലോക്സഭാ സീറ്റുകളുടെ എണ്ണം ഏകദേശം 850 ആയി വര്‍ദ്ധിച്ചേക്കാം. 850 അംഗങ്ങളുള്ള ഒരു സഭയ്ക്ക് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്നതാണ് ആദ്യത്തെ ചോദ്യം.
എന്നാല്‍ ഏറ്റവും ഗൗരവകരമായ വിഷയം, അവരുടെ ലക്ഷ്യം വെറും സ്ത്രീ സംവരണം മാത്രമല്ല എന്നതാണ്. സ്ത്രീ സംവരണത്തിന് ഞങ്ങള്‍ തയ്യാറാണ്. നിലവിലുള്ള 543 സീറ്റുകള്‍ക്കുള്ളില്‍ തന്നെ അവര്‍ക്ക് അത് നടപ്പിലാക്കാവുന്നതേയുള്ളൂ. അതിനാല്‍, അതല്ല അവരുടെ യഥാര്‍ത്ഥ ലക്ഷ്യം. അടുത്ത 30-40 വര്‍ഷത്തേക്ക് അധികാരത്തില്‍ തുടരുക എന്നതാണ് അവരുടെ യഥാര്‍ത്ഥ ലക്ഷ്യം. അതിനായി അവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടത് മണ്ഡല പുനര്‍നിര്‍ണയ ബില്‍ ആണ്.
തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് ഗ്യാനേഷ് കുമാറിനെ നിയമിച്ച അതേ രീതിയില്‍ തന്നെയായിരിക്കും അവര്‍ മണ്ഡല പുനര്‍നിര്‍ണ്ണയ സമിതിയിലേക്കും ആളുകളെ നിയമിക്കുക. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഈ സ്ഥാനത്ത് മറ്റൊരു ഗ്യാനേഷ് കുമാറിനെ അവര്‍ പ്രതിഷ്ഠിക്കും. ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളുടെ അതിരുകള്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ അവര്‍ തന്നെ തീരുമാനിക്കും,’ സിബല്‍ പറഞ്ഞു.
ഖാര്‍ഗെയ്ക്കും കപില്‍ സിബലിനും പുറമെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ജയറാം രമേശ്, പ്രിയങ്ക ഗാന്ധി വദ്ര, കെ.സി. വേണുഗോപാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി, ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍, സി.പി.ഐ നേതാവ് പി. സന്തോഷ് കുമാര്‍, ആര്‍.എസ്.പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ ആര്‍.ജെ.ഡി നേതാവ് അഭയ് കുമാര്‍ സിംഗ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഡി.എം.കെ, എഎ.പി, ബി.ജെ.ഡി തുടങ്ങിയ പാര്‍ട്ടികളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും, അവര്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു.
Content Highlight: INDIA bloc to oppose delimitation bill, flags threat to SCs/STs