ന്യൂദൽഹി: പുതിയ സുരക്ഷാ ഭീഷണി മുന്നറിയിപ്പുകളെത്തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കി ദൽഹി പൊലീസ്.
നിലവിൽ അദ്ദേഹത്തിന് ഇസഡ് പ്ലസ് സുരക്ഷാ പരിരക്ഷയുണ്ട്. എന്നാൽ, രഹസ്യാന്വേഷണ ഏജൻസികളുടെ പുതിയ മുന്നറിയിപ്പുകളുടെയും ന്യൂദൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ വസതിക്ക് മുന്നിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി പ്രദേശത്തെ ലോക്കൽ പൊലീസിനോട് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാൻ നിർദേശിച്ചിട്ടുണ്ട്.
കൂടാതെ ന്യൂദൽഹിയിൽ വിവിധ പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ എല്ലാ സുരക്ഷാ ഏജൻസികളും പരസ്പരം ഏകോപിച്ച് പ്രവർത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ദൽഹിയിലെയും ആഗ്രയിലെയും അദ്ദേഹത്തിന്റെ വീടുകളിലേക്ക് പ്രതിഷേധക്കാർ എത്തിയ സാഹചര്യത്തിലാണ് സുരക്ഷ അടിയന്തരമായി വർധിപ്പിച്ചത്. ‘പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ വീട് കണ്ടെത്തി ആഗ്രയിലുള്ള കുടുംബവീടിനു പുറത്ത് പ്രതിഷേധം നടത്തി. ഭീഷണികൾ വിലയിരുത്തിയ ശേഷമാണ് സുരക്ഷ കൂട്ടാൻ തീരുമാനിച്ചത്’ എന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിയ്ക്കും കുടുംബാംഗങ്ങൾക്കും നൽകുന്ന എസ്.പി.ജി സുരക്ഷ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സുരക്ഷാ വിഭാഗമാണ് ഇസഡ് പ്ലസ്. ഈ വിഭാഗത്തിൽ ഷിഫ്റ്റുകളിലായി 50-ഓളം സുരക്ഷാ ഉദ്യോഗസ്ഥർ കാവലുണ്ടാകും. കൂടാതെ വസതിക്കും അകമ്പടി വാഹനങ്ങൾക്കും പ്രത്യേക സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്താറുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിൽ ക്രമക്കേടുകൾ ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി നടത്തുന്ന പ്രതിഷേധങ്ങൾക്കിടെയാണ് ഈ സുരക്ഷാ വർധനവ്. ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അതേസമയം, പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനത്തിനായി ദേശീയ തലസ്ഥാനത്ത് സമീപകാലത്തെ ഏറ്റവും വലിയ കേന്ദ്രസേനാ വിന്യാസമാണ് നടക്കുന്നത്.
ഒക്ടോബർ 8 മുതൽ 12 വരെ ദൽഹി പൊലീസിന് സഹായമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 221 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനയെ (ഏകദേശം 23,000 ഉദ്യോഗസ്ഥർ) അനുവദിച്ചിട്ടുണ്ട്. ഇതിനായി ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നാണ് സി.ആർ.പി.എഫ് കമ്പനികളെ ദൽഹിയിലെത്തിക്കുന്നത്. പ്രധാന സർക്കാർ ഓഫീസുകളുടെ സുരക്ഷ ഉറപ്പാക്കാനും മധ്യദൽഹിയിലെ ക്രമസമാധാനം നിലനിർത്താനും ഈ സേനയെ ഉപയോഗിക്കും.
Content Highlight:INDIA bloc’s protest intensifies; security for Chief Election Commissioner Gyanesh Kumar stepped up.