| Sunday, 1st November 2026, 4:13 pm

ഗ്യാനേഷ് പുറത്ത് പോകുന്നത് വരെ പ്രതിഷേധം തുടരും; അയാള്‍ ഏത് പാതാളത്തില്‍ പോയി ഒളിച്ചാലും പുറത്തുകൊണ്ടുവരും: ഖാര്‍ഗെ

റെന്വര്‍ പി

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പുറത്ത് പോകുന്നത് വരെ രാജ്യത്ത് പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഗ്യാനേഷിന്റെ രാജിക്കും എസ്.ഐ.ആര്‍ പിന്‍വലിക്കാനും ആവശ്യപ്പെട്ട് റാംലീല മൈതാനത്ത് ഇന്ത്യ മുന്നണി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.

വോട്ട് കവര്‍ച്ചയ്ക്കെതിരെ, പ്രത്യേകിച്ച് അമിത് ഷായും നരേന്ദ്ര മോദിയും ചേര്‍ന്ന് സ്ത്രീകള്‍, യുവാക്കള്‍, ദളിതര്‍ എന്നിവരുടെ വോട്ടുകള്‍ തട്ടിയെടുക്കാന്‍ നടത്തുന്ന ശ്രമത്തിനെതിരെ പ്രതിഷേധിക്കാനാണ് നമ്മള്‍ ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നതെന്ന് രാം ലീല മൈതാനത്ത് എത്തിച്ചേര്‍ന്ന വന്‍ ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഖാര്‍ഗെ പറഞ്ഞു.

‘ഇതൊരു ചരിത്രപരമായ സമ്മേളനമാണ്. വോട്ട് കവര്‍ച്ചയ്ക്കെതിരെ, പ്രത്യേകിച്ച് അമിത് ഷായും നരേന്ദ്ര മോദിയും ചേര്‍ന്ന് സ്ത്രീകള്‍, യുവാക്കള്‍, ദളിതര്‍ എന്നിവരുടെ വോട്ടുകള്‍ തട്ടിയെടുക്കാന്‍ നടത്തുന്ന ശ്രമത്തിനെതിരെ പ്രതിഷേധിക്കാനാണ് നമ്മള്‍ ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്.

ഗ്യാനേഷ് കുമാര്‍ പോകുന്നതുവരെ നമ്മള്‍ പോരാട്ടം തുടരും. അയാള്‍ ഏത് പാതാളത്തില്‍ പോയി ഒളച്ചാലും നമ്മള്‍ അദ്ദേഹത്തെ പുറത്തുകൊണ്ടുവരും. അതാണ് നമ്മുടെ ജനങ്ങളുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ശക്തി,’ ഖാര്‍ഗെ പറഞ്ഞു.

ഗ്യാനേഷിനെ പുറത്താക്കുന്നത് പ്രതിപക്ഷം ഉറപ്പാക്കും. ആ ഉദ്യോഗസ്ഥന് രാജിവെക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ഖാര്‍ഗെ പറഞ്ഞു. കേന്ദ്രത്തിലും മഹാരാഷ്ട്ര, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നത് വോട്ട് മോഷ്ടിച്ചുകൊണ്ടാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് പകരം ജനപ്രതിനിധികള്‍ സ്വയം തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ കള്ളന്‍മാരെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട ഖാര്‍ഗെ, ‘മോദി പോയാല്‍ മാത്രമേ ജനാധിപത്യം നിലനില്‍ക്കുകയുള്ളൂ. എന്നും പറഞ്ഞു. ജനാധിപത്യത്തെ രക്ഷിക്കാന്‍ നമ്മള്‍ മോദിയെ പുറത്താക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്യാനേഷ് കുമാര്‍ മോദിയുടെ ഒരു പാവയാണെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. ‘സാധാരണയായി ഈ മൈതാനം രാമായണത്തിന് വേണ്ടിയുള്ളതാണ്. എന്നാല്‍ ഇന്ന് നമ്മള്‍ ഇവിടെ മഹാഭാരതമാണ് നടത്തുന്നത്. ശകുനി തന്റെ കളി കളിക്കുകയാണെങ്കില്‍, നമ്മള്‍ ഇതിനെ കുരുക്ഷേത്രമാക്കി മാറ്റണം. ഈ ഗ്യാനു മോദിയുടെ ഒരു പാവയാണ്,’ തേജസ്വി യാദവ് പറഞ്ഞു.

രാംലീല മൈതാനത്ത് നിന്ന് ചരിത്രം വീണ്ടും എഴുതപ്പെടുകയാണെന്ന് സി.പി.ഐ.എം.എല്‍ ലിബറേഷന്‍ നേതാവ് ദിപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. രാജ്യം ഒരു പൊലീസ് സ്റ്റേറ്റിന്റെ കീഴിലാണെന്നും അദ്ദേഹം രാംലീല മൈതാനത്ത് സംസാരിക്കവെ പറഞ്ഞു.

‘രാംലീല മൈതാനത്ത് നിന്ന് പലതവണ ചരിത്രം തിരുത്തിയെഴുതപ്പെട്ടിട്ടുണ്ട്. ഇന്നും നമ്മള്‍ അത്തരമൊരു നിര്‍ണായക ഘട്ടത്തിലാണ് നില്‍ക്കുന്നത്,’ അദ്ദേഹം പറഞ്ഞു. എസ്.ഐ.ആര്‍ കാരണം ബംഗാളിലും ബിഹാറിലും ജനങ്ങള്‍ വളരെയധികം ദുരിതമനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന ആരുടെയും കളിപ്പാട്ടമല്ലെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എം.പി അഭിഷേക് മനു സിംഗ്വി പറഞ്ഞു, ‘ഇതൊരു സന്ദേശമാണ്. രോഷത്തിന്റെയും അതൃപ്തിയുടെയും സന്ദേശം. ഭരണഘടന ആരുടെയും കളിപ്പാട്ടമല്ല എന്ന സന്ദേശമാണിത്,’ അദ്ദേഹം പറഞ്ഞു.

Content Highlight: INDIA Bloc Protest- Will keep fighting till Gyanesh Kumar goes’: Kharge

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more