| Saturday, 31st October 2026, 2:03 pm

ഈ രാജ്യം നിശബ്ദരായിരിക്കില്ലെന്ന് ആ വോട്ട് മോഷ്ടാക്കളോട് പറയുക; ഇന്ത്യ മുന്നണി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് പ്രകാശ് രാജ്

റെന്വര്‍ പി

മംഗളൂരു: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനും എസ്.ഐ.ആര്‍ നടപടികള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നാളെ (നവംബര്‍ ഒന്ന്, ഞായര്‍) ദല്‍ഹി രാം ലീല മൈതാനത്ത് സംഘടിപ്പിക്കുന്ന മഹാ റാലിയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് പ്രകാശ് രാജ്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

ഈ രാജ്യം നിശബ്ദരായിരിക്കില്ലെന്ന് ആ വോട്ട് മോഷ്ടാക്കളോട് പറയുക എന്നത് പ്രധാനമാണെന്ന് പ്രകാശ് രാജ് വീഡിയോയില്‍ പറഞ്ഞു. ‘നിങ്ങള്‍ എന്റെ വോട്ടിനെ മോഷ്ടിച്ച് കളഞ്ഞല്ലോ’ എന്ന് അര്‍ത്ഥം വരുന്ന ഒരു പാരഡി പാട്ട് പാടിയാണ് പ്രകാശ് രാജിന്റെ വീഡിയോ ആരംഭിക്കുന്നത്.

‘നാളെ ദല്‍ഹിയില്‍ വലിയൊരു പ്രതിഷേധ മാര്‍ച്ച് നടക്കും. ധാരാളം യുവാക്കളും വിവിധ സംഘടനകളും ഇന്ത്യ മുന്നണി നയിക്കുന്ന ആ മാര്‍ച്ചില്‍ പങ്കെടുക്കും. ഗ്യാനേഷ് കുമാറിനെ പുറത്താക്കാനും എസ്.ഐ.ആര്‍ ഒഴിവാക്കാനും ആവശ്യപ്പെട്ടാണ് സമാധാനപരമായ റാലി സംഘടിപ്പിക്കുന്നത്.

ഇത് രാജ്യസ്‌നേഹികളെ മാത്രം പങ്കെടുക്കാന്‍ അനുവദിക്കുന്ന പ്രതിഷേധമാണ്. എല്ലാ ദേശ ഭക്തരെയും പങ്കെടുക്കാനായി വിളിക്കുന്നു. ഭരണഘടനയെ സംരക്ഷിക്കാന്‍, ജനാധിപത്യത്തെ സംരക്ഷിക്കാന്‍, നമ്മുടെ വോട്ടവകാശം സംരക്ഷിക്കാന്‍,’ പ്രകാശ് രാജ് പറഞ്ഞു.

പ്രതിഷേധത്തിനായി വലിയ കൂട്ടങ്ങളായി വരണമെന്ന് പ്രകാശ് രാജ് പറഞ്ഞു. ഈ രാജ്യം വോട്ടവകാശവും ജനാധിപത്യ അവകാശങ്ങളും വീണ്ടെടുക്കും. ഇന്ന് ഞാന്‍ ഒരു എസ്.ഐ.ആര്‍ പ്രതിഷേധത്തിനായി മംഗലൂരുവിലാണ്. നാളെ ഞാന്‍ പ്രതിഷേധത്തിനായി ദല്‍ഹിയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: India Bloc Protest Demanding Sacking of Gyanesh and Scraping of SIR

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more