ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച്‌മെന്റ് ചെയ്യുന്ന പ്രതിഷേധ പരിപാടി (മോക്ക് ഇംപീച്ച്‌മെന്റ്) നാളത്തേക്ക് (ഒക്ടോബര്‍ 31, ശനി) മാറ്റിവെച്ചതായി ഇന്ത്യ സഖ്യം. ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന പ്രതിഷേധം ദല്‍ഹിയിലെ കനത്ത മഴയെത്തുടര്‍ന്നാണ് നാളത്തേക്ക് മാറ്റിയതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്, തല്‍ക്കത്തോറ സ്റ്റേഡിയം തുടങ്ങിയ വേദികളില്‍ പ്രതീകാത്മക ഇംപീച്ച്‌മെന്റ് നടത്താന്‍ ഇന്ത്യ സഖ്യം അനുമതി തേടിയിരുന്നു. ഈ സ്ഥലങ്ങളില്‍ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന്, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയിലാണ് പ്രതീകാത്മക ഇംപീച്ച്‌മെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്.
എല്ലാവരുടെയും അഭിപ്രായം പരിഗണിച്ചാണ് പരിപാടി മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍, എസ്.ഐ.ആര്‍ എന്നിവയ്ക്കെതിരെ പ്രതിപക്ഷം നവംബര്‍ ഒന്നിന് ദല്‍ഹി രാംലീല മൈതാനത്ത് മഹാ റാലി സംഘടിപ്പിക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് പ്രതീകാത്മക ഇംപീച്ച്‌മെന്റ്‌മെന്റ്.
മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ മൂന്ന് മണിക്കൂര്‍ നീളുന്ന പ്രതീകാത്മക ഇംപീച്ച്‌മെന്റ്‌മെന്റില്‍ അധ്യക്ഷയാവും. ഗ്യാനേഷിനെതിരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രമേയം അവതരിപ്പിക്കും. രാഹുല്‍ ഗാന്ധി സമാപന പ്രസംഗം നടത്തും.
21 രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിക്കുന്ന കുറഞ്ഞത് 30 പേര്‍ ചടങ്ങില്‍ പ്രസംഗിക്കും. ഇവര്‍ക്ക് പുറമെ, സിവില്‍ സൊസൈറ്റി അംഗങ്ങളും വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടിക്രമം മൂലം ബുദ്ധിമുട്ടുകള്‍ നേരിട്ടവരും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
അതേസമയം, നവംബര്‍ ഒന്നിന് നടക്കുന്ന മഹാറാലിയില്‍ പങ്കെടുക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ ദല്‍ഹിയിലേക്ക് വരുന്നത് തടയാന്‍ ആഭ്യന്തര മന്ത്രി ‘പരമാവധി ശ്രമിക്കുന്നുണ്ടെന്ന്’ രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ എത്രപേര്‍ എത്തുമെന്ന് കാത്തിരുന്ന് കാണാം. ജനങ്ങളില്‍ വലിയ രോഷവും മാനസിക വേദനയുമുണ്ട്. ലക്ഷക്കണക്കിന് ആളുകളെ വോട്ടവകാശത്തില്‍ നിന്ന് പുറന്തള്ളുകയാണെന്നും രാഹുല്‍ പറഞ്ഞു. അദാനി, അംബാനി, മോദി, ഷാ, ഭാഗവത് എന്നിവരെ സഹായിക്കാന്‍ വേണ്ടി ജനങ്ങളുടെ വോട്ടുകള്‍ മോഷ്ടിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: INDIA bloc postpones ‘public impeachment’ of CEC Gyanesh Kumar to October 31