ന്യൂദല്‍ഹി: ആര്‍.എസ്.എസും സി.പി.ഐ.എമ്മും ആശയപരമായി ഒരുപോലെയാണെന്ന രാഹുലിന്റെ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ഇടത് പാര്‍ട്ടികള്‍. ഇന്നലെ (ശനിയാഴ്ച) നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലാണ് അവര്‍ തങ്ങളുടെ അതൃപ്തി അറിയിച്ചത്.
ഓണ്‍ലൈന്‍ ആയിട്ടായിരുന്നു ഈ യോഗം നടന്നിരുന്നത്. കേരളത്തില്‍ വെച്ച് നടന്ന പരിപാടിയിലെ രാഹുലിന്റെ പരാമര്‍ശങ്ങള്‍ അനുചിതവും ഭിന്നിപ്പിക്കാന്‍ സാധ്യതയുള്ളതുമാണെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്.
ഒപ്പം അത്തരം പരാമര്‍ശങ്ങള്‍ താഴെ തട്ടിലെ കേഡര്‍മാര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യ സഖ്യ യോഗത്തില്‍ സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയാണ് രാഹുലിന്റെ ഈ വിവാദ പരാമര്‍ശം ചൂണ്ടിക്കാട്ടിയത്.
കേഡര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും സഖ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുകയും ചെയ്യുമെന്നും അതിനാല്‍ ഇവ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 18ന് കോട്ടയത്തെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. അവിടെ വെച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു ആര്‍.എസ്.എസും സി.പി.ഐ.എമ്മും ആശയപരമായി ഒരുപോലെയാണെന്ന് രാഹുല്‍ പറഞ്ഞത്.
ആര്‍.എസി.എസിനും സി.പി.എമ്മിനും ജനങ്ങളോട് ഒരു വികാരവും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നാലെ അത് രാഷ്ട്രീയ വിവാദത്തിന് തുടക്കമിടുകയായിരുന്നു. സി.പി.ഐ.എം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ആര്‍.എസ്.എസിനെയും സി.പി.ഐ.എമ്മിനെയും തുല്യമാക്കുന്ന രാഹുലിന്റെ പരാമര്‍ശം അസംബന്ധവും അപലപനീയവുമാണെന്നും സി.പി.ഐ.എം പറഞ്ഞു. കേരളത്തില്‍ ആര്‍.എസ്.എസിനെതിരെ പോരാടുന്നത് ആരാണെന്ന കാര്യം രാഹുല്‍ ഗാന്ധി മറക്കുന്നുവെന്നും സംഘ ഭീകരതയെ ചെറുക്കുന്നതിനിടെ നിരവധി പ്രവര്‍ത്തകരെ നഷ്ടപ്പെട്ട പാര്‍ട്ടിയാണിതെന്നും സി.പി.ഐ.എം വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസും ആര്‍.എസ്.എസും ചെയ്യുന്നതെന്നും കേരളത്തില്‍ കാലുകുത്തുമ്പോള്‍ രാഹുല്‍ ഗാന്ധിയും ആ ഭാഷയാണ് സംസാരിക്കുന്നതെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
Content Highlight: India bloc meeting unhappy over Rahul’s remark that ‘RSS and CPIM are the same’