| Wednesday, 30th September 2026, 5:31 pm

ഗ്യാനേഷ് മോഷ്ടാവ്; പശ്ചിമ ബംഗാളിലെ വോട്ടിങ് യന്ത്രങ്ങള്‍ക്ക് തീവെച്ചു; രാജി ആവശ്യപ്പെട്ട് മമത

റെന്വര്‍ പി

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഒരു മോഷ്ടാവാണെന്നും അദ്ദേഹം പശ്ചിമ ബംഗാളിലെ വോട്ടിങ് യന്ത്രങ്ങള്‍ തീവെച്ച് നശിപ്പിച്ചെന്നും തൃണമൂല്‍ നേതാവ് മമത ബാനര്‍ജി. ഗ്യാനേഷിന്റെ രാജി അടക്കമുള്ള ആവശ്യങ്ങള്‍ക്കായുള്ള പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കാനായി ചേര്‍ന്ന ഇന്ത്യ മുന്നണി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത.

ഗ്യാനേഷ് ഉടന്‍ രാജിവയ്ക്കണമെന്നും മമത ആവശ്യപ്പെട്ടു. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഗ്യാനേഷിന്റെ രാജി അനിവാര്യമാണ്. ഗ്യാനേഷ് കുമാറിനെ നീക്കിയില്ലെങ്കില്‍ ഈ പ്രക്ഷോഭം ശക്തമായ ജനകീയ മുന്നേറ്റമായി മാറുമെന്നതാണ് ഞങ്ങളുടെ ഉറച്ച ആവശ്യം. എന്തുകൊണ്ടാണ് ബംഗാളിലെ ഇ.വി.എമ്മുകള്‍ കത്തിച്ചതെന്നും മമമത അവര്‍ ചോദിച്ചു.

അവര്‍ ബംഗാളില്‍ കൊള്ളയടിച്ചു. ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രീം കോടതിയെയും സമീപിച്ചു. ഇപ്പോള്‍ എല്ലാം പുറത്തുവന്നിരിക്കുന്നുവെന്നും ബി.ജെ.പിയെയും ഗ്യാനേഷിനെയും കുറിച്ച് മമത പറഞ്ഞു.

നരേന്ദ്ര മോദി, അമിത് ഷാ, ഗ്യാനേഷ് എന്നിവര്‍ ചേര്‍ന്ന് ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ ആക്രമിച്ചുവെന്നാണ് എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായമെന്ന് യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ത്തവര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങള്‍ നല്ലൊരു ചര്‍ച്ച നടത്തി. നരേന്ദ്ര മോദി, അമിത് ഷാ, ഗ്യാനേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നതാണ് ഞങ്ങളുടെ കൂട്ടായ അഭിപ്രായം. ഇതിനെ ഞങ്ങള്‍ വെറുതെ വിടാന്‍ പോകുന്നില്ല. ഇന്ത്യന്‍ ജനാധിപത്യം തകര്‍ത്തവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടും. ഭരണഘടനയുടെ സംരക്ഷകര്‍ നിങ്ങളാണെന്ന് ഞാന്‍ പ്രതിപക്ഷ നേതാക്കളെ ഓര്‍മ്മിപ്പിച്ചു.’ രാഹുല്‍ പറഞ്ഞു.

കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ മോഷ്ടിച്ചെടുത്ത അധികാരത്തില്‍ വന്നവരാണെന്ന് യോഗത്തില്‍ സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മോഷ്ടിച്ചെടുത്ത അധികാരത്തില്‍ വന്ന ഈ സര്‍ക്കാര്‍ (ചോരി കി സര്‍ക്കാര്‍) കൊണ്ടുവന്ന എല്ലാ നിയമങ്ങളും റദ്ദാക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് (ഇ.വി.എം) പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന ആവശ്യം ഖാര്‍ഗെ ആവര്‍ത്തിച്ചു. ‘ഇന്ത്യ’ സഖ്യത്തിലെ എല്ലാ നേതാക്കളും ഈ ആവശ്യത്തോട് യോജിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്കും പ്രത്യേകിച്ച് ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്കും ലളിതവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വോട്ടര്‍ രജിസ്‌ട്രേഷന്‍ സംവിധാനം വേണമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

വോട്ടര്‍ പട്ടിക തിരിമറിയുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാര്‍ മാപ്പുസാക്ഷിയാകണമെന്നും ഇന്ത്യ മുന്നണി ആവശ്യപ്പെടുന്നതായി ഖാര്‍ഗെ വ്യക്തമാക്കി. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ യഥാര്‍ത്ഥ മുഖം പൂര്‍ണമായും വെളിപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ ഇടപെടുന്ന ശക്തികള്‍ക്കെതിരെ ഗ്യാനേഷ് മാപ്പുസാക്ഷി ആയി മാറണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് വോട്ട് മോഷണത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ ഇന്ത്യ സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ട് മോഷണത്തിനെതിരെ ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് ഇന്ത്യ മുന്നണി മാര്‍ച്ച് നടത്തും.

വോട്ട് മോഷണത്തിനെതിരെ നവംബര്‍ ഒന്നിന് ഇന്ത്യ മുന്നണി ദല്‍ഹിയില്‍ പൊതുയോഗം സംഘടിപ്പിക്കും. ഇതിന് പുറമെ ഈ വിഷയത്തില്‍ അഞ്ച് മഹാ റാലികള്‍ സംഘടിപ്പിക്കാനും ഇന്ത്യ മുന്നണി യോഗത്തില്‍ തീരുമാനമായി. ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെയുള്ള തീയതികളില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും സേവ് ഡെമോക്രസി റാലി സംഘടിപ്പിക്കാനും ഇന്ത്യ സഖ്യം യോഗത്തില്‍ തീരുമാനിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ജയറാം രമേശ്, കെ.സി. വേണുഗോപാല്‍, മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, എന്നിവരും എസ്.പി, ആര്‍.ജെ.ഡി, സി.പി.ഐ, ഐ.യു.എം.എല്‍, എന്‍.സി.പി(എസ്.പി), ശിവസേന (യു.ബി.ടി) തുടങ്ങിയ പാര്‍ട്ടികളിലെ നേതാക്കളും ഇന്ത്യ മുന്നണി യോഗത്തില്‍ പങ്കെടുത്തു. സ്വതന്ത്ര രാജ്യസഭാ എം.പിയായ കപില്‍ സിബലും ഇന്ത്യ മുന്നണി യോഗത്തില്‍ പങ്കെടുത്തു.

Content Highlight: India Bloc Meeting:  Mamata Banerjee Criticize Gyanesh Kumar

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more