ഐ.സി.സി ടി20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഫൈനലിന് യോഗ്യത നേടി ഇന്ത്യ. കഴിഞ്ഞ ദിവസം വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. ബാറ്റിങ്ങില്‍ സഞ്ജു സാംസണ്‍, ശിവം ദുബെ, ഇഷാന്‍ കിഷന്‍ എന്നിവരുടെയും ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെയും കരുത്തിലാണ് ഇന്ത്യ വിജയവും ഒപ്പം ഫൈനലിനുള്ള ടിക്കറ്റുമുറപ്പിച്ചത്.
ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ 250+ റണ്‍സ് നേടുന്ന ടീം എന്ന നേട്ടമാണ് ഇന്ത്യ തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്തത്. ഇത് ആറാം തവണയാണ് ഇന്ത്യ കുട്ടിക്രിക്കറ്റില്‍ 250 റണ്‍സ് മാര്‍ക് പിന്നിടുന്നത്.
ഐ.പി.എല്‍ സൂപ്പര്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് ഈ നേട്ടത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടത്. സൂപ്പര്‍ 8ല്‍ സിംബാബ്‌വേയ്‌ക്കെതിരായ മത്സരത്തിലാണ് തങ്ങളുടെ അഞ്ചാം 250+ സ്‌കോറുമായി ഇന്ത്യ സണ്‍റൈസേഴ്‌സിനൊപ്പമെത്തിയത്.
അവിടുന്ന് കൃത്യം ഒരാഴ്ചയ്ക്കിപ്പുറം ഇന്ത്യ ഈ റെക്കോഡില്‍ ഹൈദരാബാദിനെ വെട്ടി ഒന്നാമതുമെത്തി.
ടി-20യില്‍ ഇന്ത്യ 250+ മാര്‍ക് പിന്നിട്ട മത്സരങ്ങള്‍
(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
297/6 ബംഗ്ലാദേശ് – ഹൈദരാബാദ് – 2024
283/1 സൗത്ത് ആഫ്രിക്ക – ജോഹനാസ്ബെര്‍ഗ് – 2024
271/5 ന്യൂസിലാന്‍ഡ് – തിരുവനന്തപുരം – 2026
260/5 ശ്രീലങ്ക – ഇന്‍ഡോര്‍ – 2017
256/4 സിംബാബ്‌വേ – ചെന്നൈ – 2026
253/7 ഇംഗ്ലണ്ട് – വാംഖഡെ – 2026*
(ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ ക്രമത്തില്‍)
ഈ ആറ് മത്സരത്തിലും ഇന്ത്യ തന്നെയാണ് വിജയം സ്വന്തമാക്കിയതും.
ഐ.പി.എല്ലിന്റെ 2024, 2025 സീസണുകളിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് തങ്ങളുടെ അഞ്ച് 250+ സ്‌കോറുകളും അടിച്ചെടുത്തത്. 2024 മാര്‍ച്ച് 27ന് സ്വന്തം തട്ടകത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അടിച്ചൊതുക്കി തങ്ങളുടെ ചരിത്രത്തിലെ ആദ്യ 250+ സ്‌കോര്‍ സ്വന്തമാക്കിയ സണ്‍റൈസേഴ്‌സ്, ശേഷം ആ സീസണില്‍ രണ്ട് തവണയും അടുത്ത സീസണില്‍ രണ്ട് തവണും 250 മാര്‍ക് പിന്നിട്ടു.
(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
287/3 റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ബെംഗളൂരു – 2024
286/6 രാജസ്ഥാന്‍ റോയല്‍സ് – ഹൈദരാബാദ് -2025
278/3 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – ദല്‍ഹി – 2025
277/3 മുംബൈ ഇന്ത്യന്‍സ് – ഹൈദരാബാദ് – 2024
266/7 ദല്‍ഹി ക്യാപ്പിറ്റല്‍സ് – ദല്‍ഹി – 2024
(ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ ക്രമത്തില്‍)
അതേസമയം, തങ്ങളുടെ ലോകകപ്പ് കരിയറിലെ നാലാം ഫൈനലിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇതിന് മുമ്പ് കളിച്ച മൂന്ന് ഫൈനലില്‍ രണ്ടിലും ഇന്ത്യ കിരീടം ചൂടിയിരുന്നു. ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന ഫൈനലിലും വിജയിക്കാന്‍ സാധിച്ചാല്‍ ചരിത്രത്തിലാദ്യമായി മൂന്ന് ലോകകപ്പ് നേടുന്ന ആദ്യ ടീം എന്ന നേട്ടവും കിരീടം നിലനിര്‍ത്തിയ ആദ്യ ടീമന്നെ നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമാക്കാം.
Content Highlight: India becomes the team with the most 250+ runs in T20 format