ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ വിജയത്തുടര്‍ച്ചയുമായി ശ്രേയസ് അയ്യരും സംഘവും മുന്നേറ്റം തുടരുകയാണ്. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സന്ദര്‍ശകര്‍ നേടിയത്.
കിവികള്‍ ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം തിലക് വര്‍മ, നമന്‍ ധിര്‍, നിതീഷ്‌കുമാര്‍ റെഡ്ഡി എന്നിവരുടെ കരുത്തില്‍ ഒരു പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
ഇന്ത്യയെ സംബന്ധിച്ച് ഈ മത്സരം ഏറെ സ്പെഷ്യലുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ മുന്നൂറാം മത്സരത്തിനാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഇതോടെ പാകിസ്ഥാന് ശേഷം മുന്നൂറ് ടി-20കള്‍ കളിക്കുന്ന ആദ്യ ടീമായും ഇന്ത്യ മാറി.
എന്നാല്‍ ന്യൂസിലാന്‍ഡിനെ തറപറ്റിച്ചതോടെ ഒരു ഐതിഹാസിക നേട്ടവും മെന്‍ ഇന്‍ ബ്ലൂവിന്റെ പേരില്‍ കുറിക്കപ്പെട്ടു. അന്താരാഷ്ട്ര ടി-20യില്‍ 200 മത്സരം വിജയിക്കുന്ന ആദ്യ ടീമെന്ന നേട്ടത്തിലേക്കാണ് ഇന്ത്യ കാലെടുത്തുവെച്ചത്.
2006ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കളിച്ച ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഇന്നും ആ ആധിപത്യം തുടരുകയാണ്.
കളിച്ച 300 മത്സരത്തില്‍ 200ലും വിജയിച്ചപ്പോള്‍ തോല്‍വിയറിഞ്ഞത് 83 മത്സരത്തില്‍. ഏഴ് മത്സരം ടൈയിലും പത്ത് മാച്ചുകള്‍ ഫലമില്ലാതെയും അവസാനിച്ചു. 71.20 ആണ് ടീമിന്റെ വിജയശതമാനം.
നിലവില്‍ ടി-20 സ്റ്റാറ്റസുള്ള ടീമുകളില്‍ ഏറ്റവും മികച്ച മൂന്നാമത് മികച്ച വിജയശതമാനമാണിത്. 54 മത്സരത്തില്‍ 44 വിജയത്തോടെ 83.01 വിജയശതമാനമുള്ള സ്‌പെയ്‌നും 131 മാച്ചില്‍ 101ലും വിജയിച്ച് 78.90 വിജയശതമാനുള്ള ഉഗാണ്ടയും മാത്രമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്.
നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്‌സിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 43 പന്തില്‍ 70 റണ്‍സാണ് താരം നേടിയത്. 46 പന്തില്‍ 58 റണ്‍സ് നേടിയ ബെവോണ്‍ ജെയിംസും ആതിഥേയര്‍ക്കായി തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ പാടെ നിരാശപ്പെടുത്തിയപ്പോള്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ തിലക് വര്‍മ, നമന്‍ ധിര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
തിലക് 26 പന്തില്‍ പുറത്താകാതെ 51 റണ്‍സ് നേടിയപ്പോള്‍ 17 പന്ത് നേരിട്ട് 31 റണ്‍സുമായാണ് നമന്‍ ധിര്‍ മടങ്ങിയത്. 13 പന്തില്‍ പുറത്താകാതെ 26 റണ്‍സായിരുന്നു നിതീഷ് കുമാര്‍ റെഡ്ഡിയുടെ സമ്പാദ്യം.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുമ്പിലാണ്. ഒക്ടോബര്‍ 27നാണ് പരമ്പയിലെ മൂന്നാം മത്സരം. വെല്ലിങ്ടണാണ് വേദി.
Content highlight: India becomes first team to win 200 T20I matches