| Saturday, 15th August 2026, 10:14 am

ലോകത്തിലെ മൂന്നാമത്തെ ടീം; സ്വതന്ത്ര ദിനത്തില്‍ ചരിത്രമെഴുതി ഇന്ത്യ

സുദേവ് എ

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. ഗല്ലെയില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യയെ സംബന്ധിച്ച് ഈ മത്സരം വളരെയേറെ സ്പെഷ്യലാണ്. ടെസ്റ്റില്‍ തങ്ങളുടെ 600ാം മത്സരമാണ് ഇന്ത്യ ഗല്ലെയില്‍ കളിക്കുന്നത്.

ടെസ്റ്റ് ചരിത്രത്തില്‍ ഇതുവരെ രണ്ട് ടീമുകള്‍ മാത്രമാണ് 600 ടെസ്റ്റുകള്‍ കളിച്ചത്, ഇംഗ്ലണ്ടും ഓസ്ട്രേലിയയും. ഇംഗ്ലണ്ട് 1097 ടെസ്റ്റുകളും കങ്കാരുക്കള്‍ 883 ടെസ്റ്റുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഈ ചരിത്ര ലിസ്റ്റിലേക്ക് ഇന്ത്യയും തങ്ങളുടെ പേര് എഴുതി ചേര്‍ത്തിരിക്കുകയാണ്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച ടീം, മത്സരങ്ങളുടെ എണ്ണം

ഇംഗ്ലണ്ട് – 1097

ഓസ്ട്രേലിയ – 883

ഇന്ത്യ – 600*

വെസ്റ്റ് ഇന്‍ഡീസ് – 596

ന്യൂസിലാന്‍ഡ് – 487

സൗത്ത് ആഫ്രിക്ക – 479

പാകിസ്ഥാന്‍ – 471

ശ്രീലങ്ക – 329

ബംഗ്ലാദേശ് – 159

സിംബാബ്വേ – 130

അഫ്ഗാനിസ്ഥാന്‍ – 13

അയര്‍ലന്‍ഡ് – 13

ഐ.സി.സി വേള്‍ഡ് ഇലവന്‍ – 1

1932ലാണ് ഇന്ത്യ തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍. സി.കെ നായിഡുവിന് കീഴില്‍ ഇറങ്ങിയ ഇന്ത്യ അന്ന് 158 റണ്‍സിന് പരാജയപ്പെട്ടിരുന്നു.

അതേസമയം 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇരു ടീമുകള്‍ക്കും ഈ പരമ്പര നിര്‍ണായകമാണ്. നിലവില്‍ ഡബ്ല്യൂ.ടി.സി പോയിന്റ് പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാം സ്ഥാനത്തുമാണ്.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

ലാഹിരു ഉദാര, നിഷാന്‍ മധുഷ്‌ക, ദിനേശ് ചണ്ഡിമല്‍, കമിന്ദു മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), സോണാല്‍ ദിനുഷ, നിരോഷന്‍ ഡിക്ക്വെല്ല (വിക്കറ്റ് കീപ്പര്‍), കേശാര നുവന്ത, പ്രബാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, കെ.എല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Content Highlight: India become third team to play 600 matches in test cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more