ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസിനെ നേരിടാന്‍ തയാറാവുകയാണ് ഇന്ത്യ. ഏഷ്യാ കപ്പിന്റെ ക്ഷീണം മാറും മുന്നേയാണ് മെന്‍ ഇന്‍ ബ്ലൂ കരീബിയന്‍ പടയുമായി ഇന്ത്യ പോരാടാനിറങ്ങുന്നത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയില്‍ കളിക്കുക. ഇപ്പോഴിതാ പരമ്പരക്കുള്ള സ്‌ക്വാഡ് ബി.സി.സി.ഐ പുറത്തുവിട്ടിരിക്കുകയാണ്.
രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി തെരഞ്ഞെടുത്ത ശുഭ്മന്‍ ഗില്‍ തന്നെയാണ് ഈ പരമ്പരയിലും ഇന്ത്യയെ നയിക്കുക. ജഡേജയെയാണ് ഗില്ലിന്റെ ഡെപ്യൂട്ടിയായി തെരഞ്ഞെടുത്തത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ നിന്ന് ഒരുപാട് മാറ്റങ്ങള്‍ ഈ പരമ്പരയില്‍ ഇന്ത്യ കൊണ്ടുവന്നിട്ടുണ്ട്. ബാറ്റര്‍മാരുടെ പട്ടികയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
റിഷബ് പന്തിന് വിശ്രമം നല്‍കിക്കൊണ്ടാണ് സ്‌ക്വാഡിനെ തെരഞ്ഞെടുത്തത്. പരിക്കില്‍ നിന്ന് മുക്തനാകാനാണ് പന്തിനെ ടീമില്‍ എടുക്കാത്തതെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിന്‍ഡീസ് പരമ്പരക്ക് പിന്നാലെ സൗത്ത് ആഫ്രിക്കയുമായുള്ള മത്സരത്തിനായി പന്തിനെ സജ്ജനാക്കി നിര്‍ത്തുകയാണ് ലക്ഷ്യമെന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
ധ്രുവ് ജുറെലിനെയാണ് പ്രധാന വിക്കറ്റ് കീപ്പറായി തെരഞ്ഞെടുത്തത്. നാരായണ്‍ ജഗദീഷനെ രണ്ടാം വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓള്‍ റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അക്‌സര്‍ പട്ടേലും ടീമില്‍ ഇടംപിടിച്ചു.
ജസ്പ്രീത് ബുംറ നയിക്കുന്ന ബോളിങ് നിരയില്‍ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ് എന്നിവരാണുള്ളത്. ഇംഗ്ലണ്ട് പരമ്പരയിലുണ്ടായിരുന്ന ആകാശ് ദീപ്, അന്‍ഷുല്‍ കാംബോജ്, ഷര്‍ദുല്‍ താക്കൂര്‍, ഹര്‍ഷിത് റാണ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ല. ഒക്ടോബര്‍ രണ്ടിന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. ഒക്ടോബര്‍ 10ന് ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലീ സ്‌റ്റേഡിയമാണ് രണ്ടാം ടെസ്റ്റിന് വേദിയാവുന്നത്.
വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍) യശസ്വി ജെയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, നാരായണ്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്
Content Highlight: India Announced the squad for series against West Indies