| Saturday, 20th December 2025, 2:51 pm

ഗില്ലിനെ പുറത്താക്കേണ്ടി വന്നു, സഞ്ജു ടീമില്‍; വെടിക്കെട്ടിന് ഇനി മാസങ്ങള്‍ മാത്രം!

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. അടുത്ത ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ലോകകപ്പിനായി 15 അംഗ സംഘത്തിനെയാണ് ഇന്ത്യന്‍ മാനേജ്‌മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ ഇറങ്ങുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഒന്നാം വിക്കറ്റ് കീപ്പറായി ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ ശുഭ്മന്‍ ഗില്ലിന് ടീമില്‍ ഇടം കണ്ടെത്താന്‍ സാധിച്ചില്ല. അതിനാല്‍ സഞ്ജുവിനെ ലോകകപ്പില്‍ അഭിഷേക് ശര്‍മയ്ക്ക് ഒപ്പം ഓപ്പണിങ്ങില്‍ ഇറങ്ങാന്‍ സാധ്യതകളേറെയാണ്.

സഞ്ജു സാംസണും ശുഭ്മൻ ഗില്ലും. Photo: x.com

വൈസ് ക്യാപ്റ്റനായി അക്സര്‍ പട്ടേല്‍ തിരിച്ചെത്തി. ഒപ്പം ഏറെ നാളുകള്‍ക്ക് ശേഷം ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തി. 2023ന് ശേഷം ഇത് ആദ്യമായാണ് ജാര്‍ഖണ്ഡ് നായകന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി മിന്നും പ്രകടങ്ങള്‍ നടത്തുകയും ടീമിനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്ത മികവാണ് താരത്തിന് തുണയായത്.

ഈ ലോകകപ്പിലും പേസ് അറ്റാക്കിനെ നയിക്കുന്നത് ജസ്പ്രീത് ബുംറയാണ്. ഒപ്പം അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയുമുണ്ട്. എന്നാല്‍, മുഹമ്മദ് സിറാജിനോ മുഹമ്മദ് ഷമിക്കോ ടീമില്‍ ഇടം പിടിക്കാനായില്ല. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയുമുണ്ട്.

ഓള്‍റൗണ്ടര്‍മാരായി ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍,വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണുള്ളത്. ഫിനിഷറായി റിങ്കു സിങ്ങുമുണ്ട്.

മുംബൈ താരം യശസ്വി ജെയ്സ്വാളിന് ടീമില്‍ ഇടം കണ്ടെത്താനായില്ല. താരം കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിലധികം താരത്തിന് ടീമില്‍ അവസരം ലഭിച്ചിരുന്നില്ല.

ടി- 20ന് ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍)

Content Highlight: India announced squad for T20 World Cup 2026; Sanju Samson is in while Shubhman Gill is out

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more