ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ടി-20 സ്‌ക്വാഡ് പ്രഖ്യാപിച്ചു. ശ്രേയസ് അയ്യരിനെ ക്യാപ്റ്റനാക്കി 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ടി-20കളടങ്ങിയ പരമ്പരയാണ് ഇന്ത്യ ബ്ലാക്ക് ക്യാപ്‌സിന്റെ തട്ടകത്തിലെത്തി കളിക്കുക.
സ്വിങ് കിങ് ഭുവനേശ്വര്‍ കുമാറിന്റെ ഇന്ത്യന്‍ ജേഴ്‌സിയിലേക്കുള്ള തിരിച്ചുവരവിന് കൂടിയാകും ഈ പരമ്പര സാക്ഷ്യം വഹിക്കുന്നത്. 2022ന് ശേഷം ആദ്യമായി ഭുവി ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ്.
2018ല്‍ തന്റെ അവസാന ടെസ്റ്റ് മത്സരം കളിച്ച താരം, 2022 ജനുവരി 21ന് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് അവസാന ഏകദിനം കളിച്ചത്. അതേ വര്‍ഷം നംവബര്‍ 22നായിരുന്നു ഭുവിയുടെ അവസാന അന്താരാഷ്ട്ര ടി-20 മത്സരം. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ അവസാന ടി-20യിലായിരുന്നു താരം അവസാനമായി ദേശീയ ടീമിന് വേണ്ടി കളിച്ചത് എന്നതും ശ്രദ്ധേയമായിരുന്നു.
ഭുവനേശ്വര്‍ കുമാര്‍. Photo: BCCI/x.com
ഐ.പി.എല്ലിലടക്കം തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ഇന്ത്യന്‍ ടീമിലെ മിക്ക ബൗളര്‍മാര്‍ അടി വാങ്ങിക്കൂട്ടുമ്പോഴും ഭുവനേശ്വര്‍ സ്‌ക്വാഡിന് പുറത്തായിരുന്നത് ആരാധകരെ ഏറെ നിരാശയിലേക്ക് തള്ളിയിട്ടിരുന്നു. നാല് വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഭുവിയില്‍ ആരാധകര്‍ വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷയും വാനോളമാണ്.
ഭുവനേശ്വര്‍ കുമാര്‍,
അടുത്ത വര്‍ഷം ഏകദിന പരമ്പര നടക്കുന്ന സാഹചര്യത്തില്‍ ഭുവിയുടെ ഇന്ത്യന്‍ ജേഴ്‌സിയിലേക്കുള്ള തിരിച്ചുവരവും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി-20 സ്‌ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.
ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം – ടി-20 പരമ്പര
ആദ്യ മത്സരം: ഒക്ടോബര്‍ 22 – ക്രൈസ്റ്റ് ചര്‍ച്ച്
രണ്ടാം മത്സരം: ഒക്ടോബര്‍ 24 – ക്രൈസ്റ്റ് ചര്‍ച്ച്
മൂന്നാം മത്സരം: ഒക്ടോബര്‍ 27 – വെല്ലിങ്ടണ്‍
നാലാം മത്സരം: ഒക്ടോബര്‍ 30 – ഓക്‌ലാന്‍ഡ്
അവസാന മത്സരം: നവംബര്‍ 1 – ഹാമില്‍ടണ്‍
ഇതിനൊപ്പം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ സ്‌ക്വാഡും പ്രഖ്യാപിച്ചിട്ടുണ്ട്. ധ്രുവ് ജുറെലിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ എ ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുക
ഇന്ത്യ എ സ്‌ക്വാഡ്
യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, ആര്‍. സ്മരണ്‍, റിഷബ് പന്ത്* (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ആഖിബ് നബി, ആകാശ് ദീപ്, അന്‍ഷുല്‍ കാംബോജ്, മാനവ് സുതര്‍, മുകേഷ് ചൗധരി, സായ് സുദര്‍ശന്‍, യഷ് റാത്തോഡ്, മുകേഷ് കുമാര്‍.
* ഫിറ്റ്‌നസിന്റെ അടിസ്ഥാനത്തില്‍
Content Highlight: India announced squad for New Zealand tour, Bhuvaneshwar Kumar returns