| Saturday, 2nd May 2026, 6:13 pm

ഹര്‍മന്‍പ്രീത് നയിക്കും, ടീമില്‍ മലയാളികളില്ല; ലോകം കീഴടക്കാന്‍ ഇന്ത്യ വരുന്നു

Sudev A

2026 ടി-20 വിമണ്‍സ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യക്ക് ആദ്യ ഐ.സി.സി ഏകദിന ലോകകപ്പ് സമ്മാനിച്ച ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്തിലാണ് ഇന്ത്യ ടി-20 ലോകകപ്പിനെത്തുന്നത്. സ്മൃതി മന്ഥാനയാണ് വൈസ് ക്യാപ്റ്റന്‍.

ഈ സീസണിലെ വിമണ്‍സ് പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം നടത്തിയ നന്ദിനി ശര്‍മ ടീമില്‍ ഇടം പിടിച്ചു. ദല്‍ഹി ക്യാപ്പിറ്റല്‍സിന് വേണ്ടി 17 വിക്കറ്റുകളാണ് താരം വീഴ്ത്തിയിരുന്നത്. സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരവും നന്ദിനിയാണ്.

പരിക്കില്‍ നിന്നും മുക്തി നേടി യാസ്തിക ഭാട്ടിയയും ടീമില്‍ തെരഞ്ഞെടുക്കപ്പെട്ടു. പരിക്ക് മൂലം താരത്തിന് 2025ലെ ഏകദിന ലോകകപ്പും ഈ സീസണിലെ വിമണ്‍സ് പ്രിമീയര്‍ ലീഗും നഷ്ടമായിരുന്നു. ഉമാ ഛേത്രി, അനുഷ്‌ക ശര്‍മ, കശ്വീ ഗൗതം എന്നിവരും ടീമില്‍ നിന്നും പുറത്തായി.അമന്‍ജോത് കൗറിന് പരിക്ക് മൂലം ടീമില്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. മലയാളി താരങ്ങളായ മിന്നു മണി, സജന സജീവന്‍, ആശ ശോഭന എന്നിവര്‍ക്കും ടീമില്‍ ഇടം നേടാനായില്ല.

ജൂണ്‍ 12 മുതല്‍ ജൂലൈ അഞ്ച് വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടം നേടിയിട്ടുള്ളത്. ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എയില്‍ നിന്നും കിരീട പോരാട്ടത്തിനായി മാറ്റുരക്കുന്നത്.

ജൂണ്‍ 14ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്തില്‍ ചരിത്രത്തിലെ ആദ്യ ടി-20 കിരീടമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര കളിക്കും. മെയ് 28 മുതല്‍ ജൂണ്‍ രണ്ട് വരെയാണ് ഈ പരമ്പര. ഇംഗ്ലണ്ടിനെതിരെയും ഇതേ ടീം തന്നെയായിരിക്കും കളിക്കുക.

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യ വിമണ്‍സ് സ്‌ക്വാഡ്

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അരുന്ധതി റെഡ്ഡി, രേണുക താക്കൂര്‍, ക്രാന്തി ഗൗഡ്, ശ്രീ ചരണി, ശ്രേയങ്ക പാട്ടീല്‍, ഭാരതി ഫുല്‍മാലി, യാസ്തിക ഭാട്ടിയ(വിക്കറ്റ് കീപ്പര്‍), നന്ദിനി ശര്‍മ, രാധ യാദവ്.

Content Highlight: India Announced 2026 T20 Women’s World Cup Squad

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more