ന്യൂദൽഹി: ഇന്ത്യയും യു.എസും ഇറക്കുമതി തീരുവ 15 -16 ശതമാനമായി കുറയ്ക്കുന്നതിനുള്ള വ്യാപാര കരാറിലേക്ക് കടക്കുമെന്ന് റിപ്പോർട്ട്. ഈ മാസം നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യാപാരകരാർ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ ഇറക്കുമതിക്ക് യു.എസ് ചുമത്തിയ 50 ശതമാനം തീരുവയെ 15- 16 % ആയി കുറയ്ക്കുമെന്ന് മിന്റ് റിപ്പോർട്ടു ചെയ്തു.
അപൂർവ ധാതുക്കളുടെ കയറ്റുമതിയിൽ ചൈന നിലപാട് കടുപ്പിക്കുന്നതിനാലും യു.എസ്- ചൈന വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനാലും യു.എസിന് ഒരു ബദൽ വിതരണ ശൃംഖല വേണമെന്നും ഇന്ത്യയുമായി ഒരു കരാറിന് യു.എസ് തയ്യാറാകുമെന്നും
വിദഗ്ധർ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കരാറിൽ പ്രധാനമായും ഊർജ, കാർഷിക മേഖലകളെക്കുറിച്ചും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ക്രമേണ കുറയ്ക്കുന്നതിനെക്കുറിച്ചും ചർച്ചചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.
മോദിയുമായി താൻ ഫോണിൽ സംസാരിച്ചിരുന്നു. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് കുറയ്ക്കുമെന്ന് മോദി തനിക്ക് ഉറപ്പ് നൽകിയെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെ ചെയ്തില്ലെങ്കിൽ ഇന്ത്യ വൻതോതിലുള്ള തീരുവകൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങാൻ പോകുന്നില്ലെന്നും തന്നെപ്പോലെത്തന്നെ റഷ്യയും ഉക്രൈനുമായുള്ള യുദ്ധം അവസാനിക്കാനാണ് മോദി ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും എല്ലാ തരത്തിലുമുള്ള ഭീകരതക്കെതിരെയും നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള സ്ഥിരത പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുമാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നതെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിൽ 34 ശതമാനവും റഷ്യയിൽ നിന്നാണ്. അതേസമയം, രാജ്യത്തിന്റെ എണ്ണ വാതകങ്ങളിൽ ഏകദേശം 10% ഇറക്കുമതി ചെയ്യുന്നത് യു.എസിൽ നിന്നുമാണ്.
റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി തുടരുന്നതിന്റെ പ്രതികാര നടപടിയായി അമേരിക്ക നേരത്തെ ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു.
Content Highlight: India and US close to trade deal; Tariffs may be reduced, report says