പാരിസ്: ഹോർമുസ് കടലിടുക്കിന്റെ സംരക്ഷണത്തിന് വേണ്ടി ചേർന്ന് പ്രവർത്തിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ടും.
ജി7 രാജ്യങ്ങളുടെ യോഗത്തിന് പാരിസിലെത്തിയപ്പോഴായിരുന്നു ഇങ്ങനെ ഒരു പ്രഖ്യാപനം.
ഇന്നലെ ( വ്യാഴം ) ഫ്രഞ്ച് നാവികസേനാ മേധാവി അഡ്മിറൽ നിക്കോളാസ് വൗജൂർ ബ്രിട്ടൻ, ജർമ്മനി, ഇറ്റലി, ഇന്ത്യ, ജപ്പാൻ എന്നിവരുൾപ്പെടെയുള്ള വിവിധ നാവികസേനാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും അതുമായി പ്രതികരണങ്ങൾ ഏകോപിപ്പിക്കാനും വേണ്ടിയാണ് ഈ ചർച്ചകൾ നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ആഗോള സമ്പദ്‌വ്യവസ്ഥയുടെയും സുരക്ഷയുടെയും പ്രധാന ചാലകശക്തിയാണ് കടൽ എന്നതിനാൽ സുഗമമായ കപ്പൽ ഗതാഗതം, സമുദ്ര സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഞങ്ങൾ ആശയങ്ങൾ പങ്കുവെക്കുകയാണ്,’ വൗജൂർ പറഞ്ഞു.
തങ്ങളുടെ രാജ്യങ്ങളുടെ കപ്പലുകൾക്ക് കടലിടുക്ക് തുറന്ന് കൊടുക്കുന്നതിന് വേണ്ടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയും ഫ്രാൻസും ഇറാനുമായി സമ്പർക്കം പുലർത്തി വരികയാണ്.
അതേസമയം ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ ഇറാന്റെ സൗഹൃദ രാജ്യങ്ങൾക്ക് കപ്പൽപ്പാത തുറന്നുകൊടുക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞിരുന്നു.
മാർച്ച് 19 ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇരു നേതാക്കളും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായും ചർച്ചകൾ നടത്തിയിട്ടുണ്ട്.
Content Highlight: India and France announce to work together to protect the Strait of Hormuz