2026 ടി-20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ നേരിടും. തുല്യ ശക്തികളുടെ പോരാട്ടത്തിനാണ് വാംഖഡെ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.
സൂപ്പര്‍ 8 ഗ്രൂപ്പ് 1ല്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്. മറുവശത്ത് ഗ്രൂപ്പ് 2ല്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇംഗ്ലണ്ടിന്റെ കുതിപ്പ്.
ടി-20 ലോകകപ്പ് ചരിത്രത്തില്‍ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ രണ്ട് ടീമുകള്‍ തമ്മിലാണ് സെമി ഫൈനലില്‍ ഏറ്റുമുട്ടുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യ 2007ലും 2024ലും കിരീടമണിഞ്ഞപ്പോള്‍ 2010ലും 2022ലുമായിരുന്നു ഇംഗ്ലണ്ടിന്റെ കിരീട നേട്ടം.
ഇംഗ്ലണ്ടും ഇന്ത്യയും ലോകകപ്പ് കിരീടങ്ങളുമായി
ഈ സെമി ഫൈനലില്‍ ആര് വിജയിച്ചാലും തങ്ങളുടെ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുക്കുക.
മാര്‍ച്ച് 8ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെയാണ് രണ്ടാം സെമിയില്‍ വിജയിക്കുന്നവര്‍ക്ക് നേരിടാനുള്ളത്. തങ്ങളുടെ ആദ്യ കിരീടം തേടിയാണ് കിവികള്‍ ഫൈനലിന് തയ്യാറെടുക്കുന്നത്.
ഇതിന് മുമ്പ് ഒരിക്കല്‍ ടീം ഫൈനലില്‍ പ്രവേശിച്ചെങ്കിലും കിരീടപ്പോരാട്ടത്തില്‍ ഓസീസിനോട് പരാജയപ്പെടുകയായിരുന്നു. 2021ലാണ് ന്യൂസിലാന്‍ഡ് ഇതിന് മുമ്പ് ടി-20 ലോകകപ്പിന്റെ ഫൈനല്‍ കളിച്ചത്.
തങ്ങളെപ്പോലെ ആദ്യ കിരീടം പ്രതീക്ഷിച്ചെത്തിയ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയായിരുന്നു ന്യൂസിലാന്‍ഡിന്റെ ഫൈനല്‍ പ്രവേശം. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ ഈഡന്‍ ഗര്‍ഡന്‍സില്‍ ഒമ്പത് വിക്കറ്റിനാണ് ടീം വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിന് തൊട്ടതെല്ലാം പിഴച്ചു. ഏഴാം നമ്പറില്‍ കളത്തിലിറങ്ങിയ മാര്‍കോ യാന്‍സെന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് സൗത്ത് ആഫ്രിക്ക മോശമല്ലാത്ത സ്‌കോറിലെത്തിയത്.
മത്സരത്തിനിടെ മാര്‍കോ യാന്‍സെന്‍
30 പന്ത് നേരിട്ട സ്റ്റാര്‍ ഓള്‍റൗണ്ടര്‍ 55 റണ്‍സുമായി പുറത്താകാതെ നിന്നു. 34 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസും 29 റണ്‍സടിച്ച ട്രിസ്റ്റണ്‍ സ്റ്റബ്സുമാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
ഒടുവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ടീം 169ലെത്തി.
ന്യൂസിലാന്‍ഡിനായി രചിന്‍ രവീന്ദ്ര, മാറ്റ് ഹെന്‌റി, കോള്‍ മക്കോന്‍ചി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലോക്കി ഫെര്‍ഗൂസണ്‍, ജിമ്മി നീഷം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഫിന്‍ അലന്‍
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ആദ്യ വിക്കറ്റില്‍ തന്നെ സെഞ്ച്വറി കൂട്ടുകെട്ടുമായി മത്സരം തങ്ങളുടെ വരുതിയിലാക്കി. ടീം സീഫെര്‍ട്ടിന്റെ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാര്‍ ചേര്‍ന്ന് 117 റണ്‍സ് സ്വന്തമാക്കിയിരുന്നു. പിന്നാലെയെത്തിയ രചിന്‍ രവീന്ദ്രയെ ഒപ്പം നിര്‍ത്തി അലന്‍ കിവികളെ അനായാസം വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
Content Highlight: India and England will play in the final for the third title, whichever team wins the semi-final.