| Saturday, 16th May 2026, 9:09 am

റൊണാൾഡീഞ്ഞോയടക്കമുള്ള ഇതിഹാസങ്ങൾ കേരളത്തിലേക്ക്; ഇന്ത്യ-ബ്രസീൽ പോരാട്ടം ഒരുങ്ങുന്നു

സുദേവ് എ

കേരളത്തിന്റെ മണ്ണില്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒരുങ്ങുന്നു. 2026 സെപ്റ്റംബര്‍ 26ന് ഇന്ത്യ ലെജന്റ്സും ബ്രസീല്‍ ലെജന്‍ഡ്‌സുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാവുന്നത്.

ലെജന്റ്‌സ് സ്റ്റാര്‍ ഇന്ത്യ ടൂറിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ ഫുട്‌ബോള്‍ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും യുവതലമുറക്ക് പ്രചോദനം നല്‍കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്.

ബ്രസീലിയന്‍ ഇതിഹാസ താരങ്ങളയായ റൊണാള്‍ഡീഞ്ഞോ, കഫു, റോബര്‍ട്ടോ കാര്‍ലോസ്, റൊണാള്‍ഡോ, റിവാള്‍ഡോ, ലൂസിയോ, ഗില്‍ബെര്‍ട്ടോ സില്‍വ തുടങ്ങിയവര്‍ കൊച്ചിയില്‍ പന്തുതട്ടും. ഇന്ത്യന്‍ നിരയില്‍ സുനില്‍ ഛേത്രി, ഐ.എം വിജയന്‍, ബെചൂങ് ബൂട്ടിയ തുടങ്ങിയ പ്രമുഖരും അണിനിരക്കും.

ടൂര്‍ണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം ബ്രസീലിയന്‍ ഇതിഹാസങ്ങളായ റിക്കാര്‍ഡോ, ഗാല്‍വാവോ തുടങ്ങിയവരും ഐ.എം വിജയനും ചേര്‍ന്നാണ് നിര്‍വഹിച്ചത്. കൊച്ചിയിലാണ് ചടങ്ങ് നടന്നിരുന്നത്. ഗാമെന്‍ വേള്‍ഡ് സ്‌പോര്‍ട്‌സ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സബ ഡോസ് ഇനിഷ്യേറ്റിവ്, എ ടു സെഡ് ഇന്ത്യ ലോജിസ്റ്റിക് എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് ലെജന്റ്‌സ് സ്റ്റാര്‍ ഇന്ത്യ ടൂറിന് നേതൃത്വം നല്‍കുന്നത്.

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പോരാട്ടത്തിന് പുറമെ ആരാധകര്‍ക്ക് വേണ്ടി സംവാദങ്ങളും പ്രത്യേക പരിപാടികളും നടക്കും. എന്നാല്‍ ഈ ഇവന്റിന്റെ പ്രധാന ആകര്‍ഷണം ഇതിഹാസങ്ങളുടെ പോരാട്ടം തന്നെയാവുമെന്നുറപ്പാണ്. ഈ ആവേശ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി ഫുട്‌ബോള്‍ പ്രേമികള്‍.

Content Highlight: India and Brazil will clash in Kochi as part of the Legends Star India Tour

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more