ജനീവ: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം എന്ന ആശയത്തിലുള്ള യു.എന്‍ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യയടക്കമുള്ള 142 രാജ്യങ്ങള്‍. യു.എന്‍ പൊതുസഭയില്‍ ഇസ്രഈലിനും ഫലസ്തീനുമിടയില്‍ സമാധാനപരമായ ഒത്തുതീര്‍പ്പിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമുള്ള ‘ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെ’ അംഗീകരിക്കുന്ന പ്രമേയത്തിനെയാണ് ഇന്ത്യ അനുകൂലിച്ച് വോട്ട് ചെയ്തത്. ഫ്രാന്‍സാണ് ഈ പ്രമേയം അവതരിപ്പിച്ചത്.
സൗദി അറേബ്യയടക്കമുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളും സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കുന്ന ഈ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. ഇസ്രഈല്‍, അമേരിക്ക, അര്‍ജന്റീന, ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, പരാഗ്വേ, ടോംഗ എന്നീ രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്തു.
യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ഒരു രാഷ്ട്രീയ സര്‍ക്കസാണ് തങ്ങളുടേതെന്ന് യു.എന്‍ ജനറല്‍ അസംബ്ലി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നുവെന്നും ഹമാസിനെ ഭീകരവാദ സംഘടനയെന്ന് വിളിച്ചിട്ടില്ലെന്നും പറഞ്ഞാണ് ഈ പ്രഖ്യാപനത്തെ ഇസ്രാഈല്‍ എതിര്‍ത്തത്. അതേസമയം, പ്രമേയം ഹമാസിനുള്ള സമ്മാനം എന്ന് വിശേഷിപ്പിച്ചാണ് അമേരിക്ക ഈ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്.
എന്നാല്‍, ഈ പ്രമേയത്തെ ഇന്ത്യ അംഗീകരിച്ചതോടെ രാജ്യത്തിന്റെ നിലപാടിലുള്ള മാറ്റത്തെ കൂടിയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നാല് തവണയാണ് ഇന്ത്യ ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന യു.എന്‍ പൊതുസഭാ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നത്. ഇന്ത്യ – അമേരിക്ക ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നിലപാട് മാറ്റം.
ഒരു ഫലസ്തീന്‍ രാഷ്ട്രം ഒരിക്കലും സാധ്യമാവില്ലെന്ന് കഴിഞ്ഞ ദിവസം ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതിന് പിന്നാലെയാണ് ദ്വിരാഷ്ട്ര രാജ്യത്തെ അംഗീകരിക്കുന്ന പ്രമേയം യു.എന്‍ പാസാക്കിയത്. ഗസയിലെ യുദ്ധം അവസാനിപ്പിക്കാനും ഫലസ്തീന്‍ – ഇസ്രാഈല്‍ സംഘര്‍ഷത്തിന് നീതിയുക്തവും സമാധാനപരവുമായ പരിഹാരത്തിനും കൂട്ടായ നടപടി സ്വീകരിക്കാനാണ് ന്യൂയോര്‍ക്ക് പ്രഖ്യാപനം ആഹ്വാനം ചെയ്യുന്നത്.
ഗസയിലെ ഇസ്രാഈലിന്റെ പ്രതികാര നടപടികളെ ഈ പ്രമേയം വിമര്‍ശിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ നാശവും ഉപരോധവും പട്ടിണിയും മാനുഷിക ദുരന്തത്തിലേക്ക് നയിച്ചതായും പ്രമേയം ചൂണ്ടിക്കാട്ടി. ഫലസ്തീനികള്‍ക്കെതിരായ അക്രമവും പ്രകോപനവും അവസാനിപ്പിക്കാനും ഇസ്രാഈലിനോട് ഇത് ആവശ്യപ്പെടുന്നു. അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ എല്ലാ കുടിയേറ്റ, ഭൂമി പിടിച്ചെടുക്കല്‍ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്താനും കുടിയേറ്റ നയം പരസ്യമായി ഉപേക്ഷിക്കാനും ഇത് ആഹ്വാനം ചെയ്യുന്നു.
ഫലസ്തീന്‍ പ്രതിരോധ സേനയായ ഹമാസിനോട് എല്ലാ ബന്ദികളെയും വിട്ടയക്കാനും ഈ പ്രഖ്യാപനം ആവശ്യപ്പെടുന്നുണ്ട്. ഹമാസിനോട് ഗസയിലെ ഭരണം അവസാനിപ്പിക്കാനും ആയുധങ്ങള്‍ പലസ്തീന്‍ അതോറിറ്റിക്ക് കൈമാറാനും പ്രമേയം ആഹ്വാനം ചെയ്യുന്നുണ്ട്.
ജൂലൈയില്‍ യു.എന്‍ ആസ്ഥാനത്ത് സൗദി അറേബ്യയും ഫ്രാന്‍സും സംയുക്തമായി നടത്തിയ ഒരു അന്താരാഷ്ട്ര സമ്മേളനത്തിലാണ് ന്യൂയോര്‍ക്ക് പ്രഖ്യാപനം വന്നത്. ഏഴ് പേജുള്ള ഈ പ്രഖ്യാപനം പതിറ്റാണ്ടുകള്‍ പഴക്കമുള്ള സംഘര്‍ഷത്തിനുള്ള പരിഹാരം കണ്ടെത്താന്‍ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊണ്ടുവന്നത്.
Content Highlight: India and 141 nations votes for Independent Palestine nation in UN Assembly while America oppose