| Sunday, 22nd February 2026, 6:00 pm

സിംബാബ്‌വേയും ഓസീസും നല്‍കുന്ന വലിയ സിഗ്‌നല്‍; ലോകകപ്പുയുര്‍ത്തുക ഇന്ത്യയും പാകിസ്ഥാനിലുമൊരാളോ?!

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പ് ആവേശം സൂപ്പര്‍ എട്ടിലേക്ക് എത്തിയിരിക്കുകയാണ്. ഇനി കേവലം എട്ട് ടീമുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ബാക്കിയുള്ള എല്ലാ ടീമുകളും കിരീടം എന്ന ലക്ഷ്യത്തിലാണ് പാഡുകെട്ടുന്നത്.

ഇന്ത്യയോടൊപ്പം, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വേ എന്നീ ടീമുകള്‍ ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയമറിയാത്തവര്‍ ഗ്രൂപ്പ് വണ്ണിലുണ്ട്. ഒരിക്കല്‍ മാത്രം എതിരാളികള്‍ക്ക് മുന്നില്‍ അടിപതറിയ ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ ഗ്രൂപ്പ് ടുവിലുമാണ്.

ഇതില്‍ ആരായിരിക്കും മാര്‍ച്ച് എട്ടിന്റെ കലാശപ്പോരില്‍ കപ്പുയര്‍ത്തുക എന്ന ആകാംക്ഷ ഇപ്പോള്‍ തന്നെ ആരാധകരിലുണ്ട്. എന്നാല്‍, ഗ്രൂപ്പ് ഘട്ടത്തില്‍ സിംബാബ്‌വേ ഓസ്ട്രേലിയയെ തോല്‍പ്പിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ ആരാധകര്‍ ആവേശത്തിലായിരുന്നു.

ഇന്ത്യ തന്നെയാവും ഇത്തവണയും കപ്പുയര്‍ത്തുക എന്ന വിലയിരുത്തലുകളുണ്ടായി. ലോകകപ്പുകളില്‍ സിംബാബ്‌വേ കങ്കാരുക്കളെ പരാജയപ്പെടുത്തിയപ്പോഴെല്ലാം തന്നെ ഇന്ത്യ ജേതാക്കളായത് എന്നതാണ് ഇതിന് കാരണം.

2007 ടി-20 ലോകകപ്പ് കിരീടവുമായി ഇന്ത്യ. Photo: Espncricinfo.com

1983 ഏകദിന ലോകകപ്പിലാണ് സിംബാബ്‌വേ ഓസീസിനെ പരാജയപ്പെടുത്തിയത്. ആ വര്‍ഷം ഇന്ത്യ കപില്‍ ദേവിന്റെ കീഴില്‍ ആദ്യ ലോകകിരീടം നേടി. പിന്നീട് കങ്കാരുക്കള്‍ സിംബാബ്‌വേയോട് അടിയറവ് പറഞ്ഞത് 2007 ടി – 20 ലോകകപ്പിലായിരുന്നു. ഇത്തവണയും എം.എസ്. ധോണിക്ക് കീഴിയിലെത്തിയ ഇന്ത്യ ജേതാക്കളായി.

ഇപ്പോള്‍ മറ്റൊരു ലോകകപ്പില്‍ കൂടി സിംബാബ്‌വേ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. എന്നാല്‍, ഓസ്‌ട്രേലിയ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്ത് പോയതോടെ പാകിസ്ഥാന്റെ ആരാധകരും വലിയ പ്രതീക്ഷയിലാണ്.

ഓസീസ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങിയ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മെന്‍ ഇന്‍ ഗ്രീന്‍ കപ്പുയര്‍ത്തിയിരുന്നു എന്നതാണ് പാക് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. 1992ലാണ് ഓസീസിന് ആദ്യമായി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങിയത്. ആ വര്‍ഷം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ജേതാക്കളായി.

2017 ചാമ്പ്യൻസ് ട്രോഫിയുമായി പാകിസ്ഥാൻ ടീം. Photo: Skysports/x.com

ഇതുപോലെ 2009ലെ ടി – 20 ലോകകപ്പിലും 2017 ചാമ്പ്യന്‍സ് ട്രോഫിയിലും കങ്കാരുപ്പട ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. ടി – 20 ലോകകപ്പില്‍ ശ്രീലങ്കയെയും ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെയും പരാജയപ്പെടുത്തി പാക് ടീം കിരീടമണിഞ്ഞിരുന്നു.

ഇപ്പോള്‍ സിംബാബ്‌വേ ഓസീസിനെ പരാജയപ്പെടുത്തുകയും കങ്കാരുക്കള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങുകയും ഒന്നിച്ച് സംഭവിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ ഇരു ടീമിന്റെയും ആരാധകര്‍ പ്രതീക്ഷയിലാണ്.

Content Highlight: India have always been champions whenever Zimbabwe has defeated Australia in World Cups while Pakistan lifted trophy whenever Australia knock out in group stage of an ICC Tournament

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more