| Sunday, 29th November 2026, 6:44 pm

ഇന്ത്യാ സഖ്യത്തിന്റെ അനുനയ നീക്കം ഫലം കണ്ടില്ല; ബില്ലിനെ പിന്തുണയ്ക്കും, നിലപാടിലുറച്ച് സ്റ്റാലിൻ

ശ്രീലക്ഷ്മി എ.വി.

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ച നിലപാടിലുറച്ച് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ. തമിഴ്‌നാടിന് നേട്ടമാകുന്ന ബില്ലാണിതെന്നും നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.

ഇന്ത്യാ സഖ്യത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം തമിഴ്‌നാടിനെ നിയന്ത്രിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ബി.ജെ.പിയുടെ വികാരം തമിഴ്‌നാടിന് എതിരാണെന്നും ബി.ജെ.പിയുടെ തന്ത്രത്തിൽ വീഴരുതെന്നും കൂടികാഴ്‌ചയ്‌ക്ക് ശേഷം രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

സീറ്റുകളുടെ സ്വഭാവം മാറ്റുന്ന ബില്ലാണിതെന്നും ബി.ജെ.പിയുടെ നീക്കം തമിഴ്‌നാടിന് ദോഷം ചെയ്യുമെന്നും തമിഴ്‌നാടിന്റെ സംസ്കാരത്തെ നശിപ്പിക്കുമെന്നും സ്റ്റാലിനെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഒരുമണിക്കൂറോളം കൂടിക്കാഴ്ച നടന്നത്. ചെന്നൈയിലെ സ്റ്റാലിന്റെ വസതിയിൽ വെച്ചായിരുന്നു കൂടിയക്കാഴ്ച. രാഹുൽ ഗാന്ധിയെ കെട്ടിപ്പിടിച്ചും ഇന്ത്യാ സഖ്യ നേതാക്കളെ ഷാൾ അണിയിച്ചുമാണ് സ്റ്റാലിൻ തന്റെ വസതിയിലേക്ക് സ്വീകരിച്ചത്.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മമത ബാനർജി, എം.എ. ബേബി എന്നിവരടക്കം രാജ്യത്തെ പ്രധാനപ്പെട്ട 14 നേതാക്കളാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. കനിമൊഴിയും ഉദയനിധിയും ഡി.എം.കെ നേതാവ് തിരുച്ചി ശിവയും ചർച്ചയിൽ ഉണ്ടായിരുന്നു.

അതേസമയം മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിക്കുന്നതിൽ ഗ്യാനേഷ് കുമാർ അധ്യക്ഷനാവില്ല. സുപ്രീം കോടതി സിറ്റിങ് ജഡ്ജിയോ റിട്ടയേർഡ് ജഡ്ജിയോ ആയിരിക്കും ചെയർമാൻ. ചെയർമാൻ അടക്കം കമ്മിറ്റിയിൽ 13 അംഗങ്ങൾ ഉണ്ടായിരിക്കും.

Content Highlight: INDIA alliance’s efforts to persuade prove futile; Stalin remains firm on supporting the bill.

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more