ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ ജഡ്ജി ബി. സുദര്‍ശന്‍ റെഡ്ഡിയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം. എല്ലാ പാര്‍ട്ടികളും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം അനുകൂലിക്കുകയായിരുന്നു.
ഇന്ന് ഉച്ചയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടില്‍ വെച്ച് നടന്ന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്. സാമൂഹിക, സാമ്പത്തിക. രാഷ്ട്രീയ നീതിക്ക് വേണ്ടി നിരന്തരം നിലകൊള്ളുന്ന പോരാളിയാണ് സുദര്‍ശന്‍ റെഡ്ഡിയെന്ന് ഖാര്‍ഗെ പറഞ്ഞു.
ആന്ധ്രപ്രദേശ് സ്വദേശിയായ സുദര്‍ശന്‍ റെഡ്ഡി 2005ല്‍ ഗുഹാവത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. ഗോവയിലെ ആദ്യത്തെ ലോകായുക്തയായിരുന്നു അദ്ദേഹം. 1988-90 കാലഘട്ടത്തില്‍ ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചിരുന്നു.
എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി സി.പി. രാധാകൃഷ്ണനെതിരെയായിരിക്കും അദ്ദേഹം മത്സരിക്കുക. കഴിഞ്ഞയാഴ്ചയായിരുന്നു എന്‍.ഡി.എ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി രാധാകൃഷ്ണനെ പ്രഖ്യാപിച്ചത്. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറായ അദ്ദേഹം തമിഴ്‌നാട് സ്വദേശിയാണ്.
ഉപരാഷ്ട്രപടി ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ മാസം ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം രാജിവെച്ചത്. സെപ്റ്റംബര്‍ ഒമ്പതിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ശക്തമായ രാഷ്ട്രീയ മത്സരത്തിന് വേദിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തുഷാര്‍ ഗാന്ധിയുടെ പേര് ഉയര്‍ന്നിരുന്നെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ക്കുകയായിരുന്നു.
Content Highlight: India Alliance announces Justice B. Sudarshan Reddy as Vice Presidential candidate