| Sunday, 11th May 2025, 2:20 pm

ഇന്ത്യ വെടിനിര്‍ത്തലിന് തയ്യാറായത് സുപ്രധാന ഇന്റലിജന്‍സ് വിവരം കൈമാറിയപ്പോഴെന്ന് അമേരിക്ക; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ വെടിനിര്‍ത്തലിന് തയ്യാറായത് അമേരിക്കയില്‍ നിന്നും സുപ്രധാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചപ്പോഴെന്ന് റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് വിളിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ വൈസ് പ്രസിഡന്റും സ്റ്റേറ്റ് സെക്രട്ടറിയും ഇടക്കാല ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാര്‍ക്കോ റൂബിയോയും, വൈറ്റ് ഹൗസ് തീഫ് ഓഫ് സ്റ്റാഫ് സൂസി വെല്‍സും ചേര്‍ന്ന് പാകിസ്ഥാനും ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതരായെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെള്ളിയാഴ്ചയോടെ പാകിസ്ഥാനും ഇന്ത്യയ്ക്കുമിടയില്‍ നാടകീയമായ സംഘര്‍ഷ സാധ്യതയുണ്ടെന്ന് കാണിച്ച് ജെ.ഡി വാന്‍സ് വൈറ്റ് ഹൗസിനെ അറിയിക്കുകയായിരുന്നു.

പ്രസ്തുത വിവരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരിച്ചുവെന്നും എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിന്നാലെ പാകിസ്ഥാനുമായി നേരിട്ട് ആശയവിനിമയം നടത്താനും സംഘര്‍ഷ സാധ്യത കുറയ്ക്കാനുമുള്ള നടപടികള്‍ പരിഗണിക്കണമെന്ന് വാന്‍സ് മോദിയെ പ്രേരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ നിര്‍മിക്കുന്നതിന് പകരം ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്ക് പങ്കെടുപ്പിക്കുക എന്നതായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ഉദ്ദേശമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം അമേരിക്കയുടെ ഇടപെടലോടു കൂടിയാണ് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് തയ്യാറായെന്ന് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന നീണ്ട രാത്രി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലിന് സമ്മതിച്ചതെന്നാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറയുന്നത്. അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നുവെന്നും ട്രംപ് പ്രതികരിച്ചിരുന്നു.\

Content Highlight: India agreed to ceasefire after sharing crucial intelligence, says US report

We use cookies to give you the best possible experience. Learn more