ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയും സിംബാബ്‌വേയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ചെന്നൈയിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് അടിച്ചെടുത്തത്.
ടി-20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മാത്രമല്ല ലോകകപ്പില്‍ ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടോട്ടല്‍ എന്ന നേട്ടവും ഇന്ത്യ അക്കൗണ്ടിലാക്കിയിരിക്കുകയാണ്.
ഈ നേട്ടത്തില്‍ സിംബാബ്‌വേക്കെതിരെ ഈ സീസണിലെ തന്നെ സൂപ്പര്‍ 8 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് നേടിയ 256 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നാണ് ഇന്ത്യ രണ്ടാമത്തെ ലോകറെക്കോഡ് സ്വന്തമാക്കിയത്. വെറും നാല് റണ്‍സിനാണ് ഈ നേട്ടത്തില്‍ ഒന്നാമനാകാനുള്ള ഇന്ത്യയുടെ അവസരം നഷ്ടപ്പെട്ടതും.
ശ്രീലങ്ക – 260/6 – കെനിയ – 2007
ഇന്ത്യ – 256/ 4 – സിംബാബ്‌വേ – 2026*
വെസ്റ്റ് ഇന്‍ഡീസ് – 254/6 – സിംബാബ്‌വേ – 2026
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് സൂപ്പര്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയും ഹര്‍ദിക് പാണ്ഡ്യയുമാണ്. 30 പന്തില്‍ നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 55 റണ്‍സ് നേടിയാണ് അഭിഷേക് മടങ്ങിയത്. 183.33 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. കഴിഞ്ഞ മത്സരങ്ങളില്‍ മോശം പ്രകടനം നടത്തിയ താരം മികച്ച തിരിച്ചുവരവാണ് നടത്തിയത്.
ശേഷം അഞ്ചാമനായി ഇറങ്ങിയ ഹര്‍ദിക് പാണ്ഡ്യ 23 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 50* റണ്‍സ് നേടി പുറത്താകാതെയാണ് പാണ്ഡ്യ വെടിക്കെട്ട് പ്രകടനം നടത്തിയത്. ഇന്നിങ്‌സിലെ അവസാന രണ്ട് പന്തിലും താരം സിക്‌സര്‍ നേടിയിരുന്നു.
പാണ്ഡ്യയ്ക്ക് പുറമെ തിലക് വര്‍മ 16 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 44 റണ്‍സ് നേടി പുറത്താകാതെ നിന്നു. പാണ്ഡ്യയുടെയും തിലകിന്റെയും ടെയും മികച്ച കൂട്ടുകെട്ടാണ് ഇന്ത്യയെ ഉയര്‍ന്ന സ്‌കോറിലെത്തിച്ചത്.
ഇരുവര്‍ക്കും പുറമെ ഇഷാന്‍ കിഷന്‍ 24 പന്തില്‍ 38ഉം ക്യാപ്റ്റന്‍ സൂര്യ 13 പന്തില്‍ 33ഉം നേടി. മാത്രമല്ല ഓപ്പണിങ് പൊസിഷനില്‍ തിരിച്ചെത്തിയ സഞ്ജു സാംസണ്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തി ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. മത്സരത്തില്‍ ആദ്യ ഓവറിനെത്തിയ റിച്ചാര്‍ഡ് എന്‍ഗരാവയുടെ രണ്ടാം പന്തില്‍ സിക്‌സര്‍ അടിച്ചാണ് സഞ്ജു വരവറിയിച്ചത്. രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 24 റണ്‍സുമായാണ് താരം മടങ്ങിയത്. 160 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.
അതേസമയം സിംബാബ്‌വേക്ക് വേണ്ടി റിച്ചാര്‍ഡ് എന്‍ഗരാവ, ബ്ലസിങ് മുസാരബാനി, മപാസ, സിക്കന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Content Highlight: India Achieve Second Highest Total In T20 World Cup History